രാജമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി: മരണം 28 ആയി

0

ഇടുക്കി: രാജമലയിലെ മണ്ണിടിച്ചിലിൽ കാണാതായവരിൽ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ, മരണസംഖ്യ 28 ആയി ഉയർന്നു. ഇനിയും ഇവിടെ നിന്ന് 42 പേരെ കണ്ടെത്താനുണ്ട്. സ്നിഫർ ഡോഗുകളെ ഉപയോഗിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. കനത്ത മഴയായതിനാൽ സ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും ദുഷ്കരം തന്നെയാണ്. ഇപ്പോൾ കണ്ടെടുത്തവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് തെരച്ചിലിന്റെ മൂന്നാം ദിനമാണ്. പെട്ടിമുടിയിൽ കെട്ടിടത്തിന് മണ്ണിടിഞ്ഞാണ് പ്രദേശത്ത് 100ന് അടുത്ത് ആളുകൾ അപകടത്തിൽപ്പെട്ടത്. മഴ മാറിനിന്നാൽ പ്രവർത്തനം വേഗത്തിൽ തുടരാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എട്ട് സംഘങ്ങളായാണ് തെരച്ചില്‍ നടത്തുന്നത്. അതീവദുഷ്കരമാണ് പെട്ടിമുടിയിലെ തെരച്ചിൽ ഇപ്പോഴും, മണ്ണിനടിയിൽ നിന്ന് എത്ര പേരെ പുറത്തെടുക്കാനാകുമെന്ന് പോലും സംശയമാണ്. ചിലർ പെട്ടിമുടിപ്പുഴയിൽ ഒഴുകിപ്പോയിരിക്കാമെന്നും സംശയമുണ്ട്.

കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രദേശത്തെത്തി. പെട്ടിമുടിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കകണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രദേശം സന്ദര്‍ശിച്ചു.