വ്യാജ നിയമന കോഴ ആരോപണം; കെ.പി ബാസിത്ത്‌ അറസ്റ്റിൽ

0

വ്യാജ നിയമന കോഴ ആരോപണത്തിൽ കെ.പി ബാസിത് അറസ്റ്റിൽ. മഞ്ചേരിയിൽ നിന്ന് കന്റോൺമെന്റ് പൊലീസ് ആണ് ബാസിത്തിനെ കസ്റ്റഡിയിൽ എടുത്തത്. പരാതിക്കാരൻ ഹരിദാസിന്റെ സുഹൃത്താണ് ബാസിത്ത്. നിയമന തട്ടിപ്പിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസ് ഇന്നലെ സമ്മതിച്ചിരുന്നു. പറഞ്ഞത് നുണയാണെന്നാണ് ഹരിദാസ് മൊഴി നൽകിയത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്.

സെക്രട്ടറിയേറ്റിനു മുന്നിൽ വെച്ച് അഖിൽ മാത്യുവിന് പണം നൽകിയെന്നായിരുന്നു ഹരിദാസന്റെ ആദ്യ മൊഴി. പ്രസ് ക്ലബിനു മുൻപിൽ വെച്ചാണ് പണം നൽകിയതെന്നു പിന്നീട് മാറ്റി പറഞ്ഞിരുന്നു. ഒടുവിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. ബാസിത്ത് പറഞ്ഞിട്ടാണ് അഖിൽ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസ് മൊഴി നൽകി. നിയമനത്തിന് ഒരു ലക്ഷം രൂപ ആർക്കും നൽകിയിട്ടില്ലെന്ന് ഹരിദാസ് മൊഴിയായി പറഞ്ഞു. അഖിൽ സജീവിന് 25000 രൂപയും ലെനിന് 50,000 രൂപയും നൽകിയെന്നാണ് മൊഴി.

നിയമന കോഴ ആരോപണത്തിന് പിന്നിൽ സർക്കാരിനെതിരെ കള്ളക്കഥ മെനയുന്നവരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചിരുന്നു. നിയമന തട്ടിപ്പ് വിവാദത്തില്‍ കാര്യമായി മറുപടി പറയാനുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പൂർത്തിയായ ശേഷം മറുപടി പറയാമെന്നും വീണ ജോർജ് കൂട്ടിച്ചേര്‍ത്തു.