ഒമിക്രോണ്‍ വകഭേദം; വിദേശ വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നതില്‍ പുനരാലോചന

0

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നത് പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ തുടങ്ങുന്നതിൽ പുനരാലോചന നടത്തുക. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്‌.

ഇന്ത്യയിൽ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബര്‍ 15-ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ്‌ നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.

കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടൻ, സിംഗപ്പുർ, ചൈന, ബ്രസീൽ, ബംഗ്ളാദേശ്, മൗറീഷ്യസ്, സിംബാബ്‍വെ, ന്യൂസീലൻഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സർവീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.

എന്നാൽ ഒമിക്രോൺ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നതിന്റെ സാഹചര്യത്തിലാണ് വിമാന സർവീസുകളുടെ ഇളവുകൾ സംബന്ധിച്ച് പുനരാലോചിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്. അതേസമയം ഒമിക്രോണ്‍ വ്യാപിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റു ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് യുഎസ് അടക്കം ഇതിനോടകം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളും യാത്ര നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.