ഋഷഭ് പന്ത് തിരിച്ചുവരുന്നു; സന്നാഹ മത്സരം കളിച്ചു

0

ആലൂർ: കാർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ദീർഘകാലമായി കളിക്കളത്തിൽ നിന്നു വിട്ടുനിൽക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് സജീവ ക്രിക്കറ്റിലേക്കു മടങ്ങിവരുന്നു. ഇതിന്‍റെ ഭാഗമായി കർണാടകയിലെ ആലൂരിൽ നടത്തിയ സന്നാഹ മത്സരത്തിൽ ഋഷഭ് പന്ത് പൂർണമായി കളിക്കാനിറങ്ങി.

2022ലുണ്ടായ അപകടത്തിനു ശേഷം ആദ്യമായാണ് ഋഷഭ് പന്ത് ‌ഒരു പൂർണ മത്സരത്തിൽ കളിക്കാനിറങ്ങുന്നത്. ബാറ്റർ മാത്രമായി കളിച്ച അദ്ദേഹം വിക്കറ്റ് കീപ്പിങ്ങിന് ഇറങ്ങിയില്ല.

അടുത്ത ഐപിഎൽ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിനെ നയിക്കാൻ ഋഷഭ് പന്ത് ഉണ്ടാകും എന്ന പ്രതീക്ഷ ഇതോടെ ശക്തമായിരിക്കുകയാണ്. ഐപിഎല്ലിലും സ്പെഷ്യലിസ്റ്റ് ബാറ്ററായാകും ഇറങ്ങുക. ഐപിഎല്ലിൽ തിളങ്ങാൻ സാധിച്ചാൽ ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും ഋഷഭ് പന്ത് പരിഗണിക്കപ്പെട്ടേക്കും.

ലണ്ടനിലെ വിദഗ്ധ ചികിത്സയ്ക്കു ശേഷം ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലായിരുന്നു ഋഷഭ് പന്ത്. ബാറ്റ് ചെയ്യുന്നതിനും ഓടുന്നതിനും ഇപ്പോൾ ബുദ്ധിമുട്ടുകളില്ല. എന്നാൽ, ഏറ്റവും ഗുരുതരമായി പരുക്കേറ്റത് കാൽമുട്ടുകൾക്കായിരുന്നതിനാൽ വിക്കറ്റ് കീപ്പിങ്ങിൽ നിന്ന് തത്കാലം വിട്ടുനിൽക്കാനാണ് തീരുമാനം.