കൊട്ടിയൂര്‍ ബലാത്സംഗ കേസ്; ഫാദര്‍ റോബിൻ വടക്കുംചേരി കുറ്റക്കാരൻ

1

കണ്ണൂര്‍: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കൊട്ടിയൂർ കേസിൽ ഫാദർ റോബിൻ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി. ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. തലശ്ശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍.വിനോദാണ് വിധി പറഞ്ഞത്.


ഇടവകാംഗമായ തങ്കമ്മ നെല്ലിയാനി, മാനന്തവാടി ക്രിസ്തുദാസ് കോൺവെന്റിലെ സിസ്റ്റർ ലിസ് മരിയ, കല്ലുമുട്ടി കോൺവെന്റിലെ സിസ്റ്റർ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടർ സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫിലിയ എന്നിവരെയാണ് വിട്ടയച്ചത്.

ഇവര്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതാണ് ആറു പേരെ വെറുതെ വിടാനിടയാക്കിയത്. ഗൂഢാലോചന, വ്യാജരേഖകള്‍ സൃഷ്ടിക്കല്‍ തുടങ്ങിയകുറ്റങ്ങളായിരുന്നു ഇവര്‍ക്കെതിരെ ഉണ്ടായിരുന്നത്.


പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി എന്നാണ് കേസ്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ഒളിപ്പിക്കാൻ ശ്രമിച്ച കന്യാസ്ത്രീകളും വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാനും കേസിൽ പ്രതികളാണ്.

വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നും കോടതിയിൽ പെണ്‍കുട്ടി പറഞ്ഞു. റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു.

കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാട് എടുത്തു. സ്പെഷ്യൽ പബ്ലിക് പ്രോസികൂട്ടർ ബീന കാളിയത്താണ് വാദി ഭാഗത്തിനുവേണ്ടി കോടതിയിൽ ഹാജരായത്.