പേട്ട തുള്ളാൻ എരുമേലി ഒരുങ്ങി

1

എരുമേലി: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് നടക്കുന്ന പ്രധാന ചടങ്ങായ പേട്ട തുള്ളലിനായി എരുമേലി ഒരുങ്ങി.അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ട തുള്ളല്‍ ഇന്ന് നടക്കും. മഹിഷീ നിഗ്രഹത്തിന്‍റെ ഓർമ പുതുക്കലാണ് പേട്ടതുള്ളൽ.
ഇന്ന് ഉച്ചയോടെ ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുമ്പോൾ അമ്പലപ്പുഴ സംഘത്തിന്‍റെ തുള്ളൽ നടക്കും. സമൂഹപെരിയോൻ കളത്തിൽചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തെ ടൗൺ നൈനാർ മസ്ജിദിൽ സ്വീകരിക്കും. പിന്നീട് വാവരു സ്വാമിയുടെ പ്രതിനിധിക്കൊപ്പം വലിയമ്പലത്തിലേക്ക് പേട്ടതുള്ളൽ നടക്കും. ഉച്ചകഴിഞ്ഞാണ് ആലങ്ങാട് സംഘത്തിന്റെ തുള്ളൽ. ആകാശത്ത് നക്ഷത്രം കാണുമ്പോഴാണ് തുള്ളൽ ആരംഭിക്കുക. വാവരുസ്വാമി അമ്പലപ്പുഴ സംഘത്തിനൊപ്പം പുറപ്പെട്ടെന്നു വിശ്വസിക്കുന്നതിനാൽ ആലങ്ങാട് സംഘം മസ്ജിദിൽ പ്രവേശിക്കില്ല. ആലങ്ങാട് സംഘം ഇത്തവണ ഒറ്റ സംഘമായാണു പേട്ടതുള്ളുക.വാവര് പള്ളിയിൽ വലം വെച്ച് വലിയമ്പലത്തിൽ എത്തുന്നതോടെ ചടങ്ങുകൾ അവസാനിക്കും.
രണ്ട് പേട്ടതുള്ളലിനും ക്ഷേത്രത്തില്‍ ദേവസ്വംബോര്‍ഡും അയ്യപ്പസേവാസംഘം പ്രതിനിധികളും വിവിധ സന്നദ്ധ, സമുദായസംഘടനകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്വീകരമൊരുക്കും.കനത്ത സുരക്ഷാ ക്രമീകരണമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തീർഥാടകർക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡും പള്ളി ഭാരവാഹികളും അറിയിച്ചു.