ശബരിമലയിൽ തങ്ക അങ്കി ചാർത്തി ദീപാരാധന ഇന്ന്

2

ശബരിമല: കടുത്ത സുരക്ഷാസന്നാഹത്തോടെ തങ്ക അങ്കി ഘോഷയാത്ര ഇന്നുച്ചയ്ക്ക് ഒരുമണിയോടെ പമ്പയിലെത്തും. മൂന്നുദിവസം മുമ്പാണ് ആറന്മുളയിൽ നിന്ന് തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെ പമ്പയിലെ ഗണപതിക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലിൽ തങ്ക അങ്കി ദർശനത്തിനുവെക്കും. മൂന്നുമണിയോടെ ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് സ്വീകരിക്കുക. പിന്നീട് അയ്യപ്പ സേവാസംഘം പ്രവർത്തകർ സന്നിധാനത്തെത്തിക്കും. പതിനെട്ടാംപടി കയറി സോപാനത്തെത്തുമ്പോൾ തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് ആചാരപൂര്‍വം തങ്ക അങ്കി സ്വീകരിക്കും. ശേഷം തങ്ക അങ്കി വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. തങ്ക അങ്കി ദീപാരാധന തൊഴാൻ നിലയ്ക്കാത്ത ഭക്തജന പ്രവാഹമുള്ളതിനാൽ, കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണി മുതല്‍ അയ്യപ്പന്മാര്‍ മല ചവിട്ടുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് .ഘോഷയാത്ര ശരംകുത്തിയില്‍നിന്നു ക്ഷേത്രത്തിലേക്ക് എത്തുന്നതു വരെ ശരംകുത്തിയില്‍നിന്ന് സന്നിധാനത്തേക്കുതീർഥാടകരെ പ്രവേശിപ്പിക്കില്ല. പമ്പയിലും നിലയ്ക്കലിലും ഈ സമയങ്ങളില്‍ തീർഥാടകരെ നിയന്ത്രിക്കും. മണ്ഡലപൂജയ്ക്കുശേഷം നാളെ രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് വീണ്ടും നടതുറക്കും.