അടി തെറ്റി അർജന്റീന; കണ്ണീരോടെ മിശിഹ

0

ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ കരുത്തരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തറപറ്റിച്ച് സൗദി അറേബ്യ. അര്‍ജന്‍റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി.

ലോകകപ്പിന്റെ ചരിത്രത്തില്‍ അര്‍ജന്റീന നേരിടുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണിത്. ദിക്കും ദിശയുമറിയാതെ തപ്പിത്തടഞ്ഞ ലയണല്‍ മെസ്സി പത്താം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ലീഡ് ചെയ്ത ശേഷമാണ് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയത്.

സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന വലയിൽ പന്തെത്തിച്ചത് ആകെ നാലു തവണയാണ്. പക്ഷേ ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതോടെ ഗോൾ അനുവദിക്കപ്പെട്ടത് ഒന്നിൽ മാത്രം.

അര്‍ജന്റീനയ്ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നാലാമത്തെ മാത്രം ജയമാണിത്. 1994-ല്‍ ബെല്‍ജിയത്തെയും മൊറോക്കോയെയും 2018-ല്‍ ഈജിപ്തിനെയുമാണ് സൗദി ഇതിന് മുന്‍പ് ലോകകപ്പില്‍ തോല്‍പിച്ചത്.