​വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് യുഎഇയിൽ നിന്ന് സലാലയിലേക്ക് സര്‍വീസ് തുടങ്ങാൻ സലാം എയര്‍

0

അബുദാബി: ഫുജൈറ-ഒമാന്‍ വിമാന കമ്പനിയായ സലാം എയര്‍ യുഎഇയിലെ ഫുജൈറയില്‍ നിന്ന് ഒമാനിലെ സലാലയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഈ മാസം മുപ്പത് മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് സലാം എയര്‍ അറിയിച്ചു. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പുതിയ വിമാന സര്‍വീസിന് സലാം എയര്‍ തുടക്കം കുറിക്കുന്നത്.

ഫുജൈറ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് വര്‍ദ്ധിപ്പിക്കുകയാണ് ഒമാന്‍ ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ ഞായറാഴ്ചകളില്‍ മാത്രമായിരിക്കും സര്‍വീസ് ഉണ്ടാവുക. പിന്നീട് കൂടുതല്‍ ദിവസങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും.

രാവിലെ 11.40 ന് ഫുജൈറയില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.25 ന് സലാലയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. സലാലയില്‍ നിന്ന് രാവിലെ 8.55 ന് പുറപ്പെടുന്ന വിമാനം 10.40 ന് ഫുജൈറയില്‍ എത്തും.

ഖരീഫ് സീസണില്‍ അടക്കം നിരവധി സഞ്ചാരികളാണ് യുഎഇയില്‍ നിന്ന് ഒമാനില്‍ എത്തുന്നത്. ജൂലൈ പന്ത്രണ്ടിന് ആയിരുന്നു ഫുജൈറയില്‍ നിന്ന് വിവിധയിടങ്ങളിലേക്ക് സലാം എയര്‍ വിമാന സര്‍വീസ് ആരംഭിച്ചത്. നിലവില്‍ മസ്‌ക്കറ്റ്, സോഹാര്‍, മദീന, ബഹ്റൈൻ എന്നിവിടങ്ങളിലേക്കും കേരളത്തിൽ കോഴിക്കോട്ടേക്കും സലാം എയര്‍ സര്‍വീസ് നടത്തുന്നുണ്ട്.