സ്വകാര്യ, ബാങ്കിങ് മേഖലയില്‍ ശമ്പള വര്‍ധനവിനൊരുങ്ങി യുഎഇ

0

സ്വകാര്യ, ബാങ്കിങ് മേഖലയില്‍ ശമ്പള വര്‍ധനവ് പരിഗണിക്കാനൊരുങ്ങി യുഎഇ. സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ തദ്ദേശീയരെ ചേര്‍ക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ നീക്കത്തിന് ഈ തീരുമാനം സഹായിക്കും. യുഎഇ പൗരന്മാര്‍ക്കുള്ള അലവന്‍സുകള്‍, ബോണസുകള്‍, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ എന്നിവയും ശമ്പള വര്‍ധനവിനോടൊപ്പം ഉള്‍പ്പെടുന്നു.

30,000 ദിര്‍ഹത്തില്‍ താഴെ പ്രതിമാസ ശമ്പളം വാങ്ങുന്ന പൗരന്മാര്‍ക്ക് അലവന്‍സ് ലഭിക്കും. ബാച്ചിലേഴ്‌സ് ബിരുദമുള്ളവര്‍ക്ക് പ്രതിമാസം 7,000 ദിര്‍ഹവും ഡിപ്ലോമയുള്ളവര്‍ക്ക് 6,000 ദിര്‍ഹവും ഹൈസ്‌കൂള്‍ ബിരുദധാരികള്‍ക്ക് 5,000 ദിര്‍ഹവും വരെ ശമ്പള പിന്തുണയാണ് യുഎഇ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്നത്. ഒപ്പം ജോലി നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക സാമ്പത്തിക സഹായവും തൊഴിലാളികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

പുതിയ സാലറി സപ്പോര്‍ട്ട് സ്‌കീം അഞ്ച് വര്‍ഷത്തിനുള്ളില്‍ 170,000 ത്തോളം യുഎഇ പൗരന്മാര്‍ക്ക് പ്രയോജനം ചെയ്യും. സ്വകാര്യ, ബാങ്കിംഗ് മേഖലകളിലെ എല്ലാ ജീവനക്കാര്‍ക്കും ഈ തീരുമാനം ബാധകമാകുമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.