തിരക്കഥയ്ക്ക് അര്‍ഹമായ പ്രതിഫലം വേണം; പുതിയ ആവശ്യവുമായി ബോളിവുഡ് എഴുത്തുകാരുടെ സംഘടന

0

ഒരു നല്ല സിനിമകണ്ടിറങ്ങുമ്പോൾ അതിലെ കഥാപാത്രങ്ങളും രംഗങ്ങളും അവയൊക്കെ മനോഹരമാക്കിയ നടീനടന്മാരും നമ്മദേവ് മനസ്സിൽ എന്നും കാണും എന്നാൽ ആ സിനിമയുടെ കഥയെക്കുറിച്ചോ അത് ഉണ്ടാക്കിയവരെ കുറിച്ചോ നാം ചിന്തിക്കുന്നത് വളരെ വിരളമാണ്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകൾ തകർത്ത് സിനിമകൾ കോടി ക്ലബ്ബുകളിൽ ഇടം നേടുമ്പോഴും അതിന്റെ അണിയറപ്രവർത്തകരിൽ പലരും ചർച്ചകളിൽപരിഗണിക്കപ്പെടാറുപോലും ഇല്ല. സിനിമയ്ക്ക് പിന്നിലുള്ളവര്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നുണ്ടോ എന്നത് പോലും ചിന്തിക്കാറില്ല.

എന്നാൽ ഇതിൽ നിന്നൊരു മാറ്റം വരാൻ എന്നോണം തിരക്കഥാകൃത്തും സഹരചയിതാവായും സംഭാഷണ രചയിതാവായും കഥാകൃത്തായും സിനിമയുടെ സര്‍ഗാത്മക മേഖലയില്‍ നില്‍ക്കുന്നവര്‍ വേതനത്തിന്റെ കാര്യത്തില്‍ അവഗണന നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബോളിവുഡില്‍ നിന്ന് എഴുത്തുകാരുടെ പുതിയ നീക്കം.

സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷനാണ് സിനിമയില്‍ കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലയിലുള്ളവര്‍ക്ക് അര്‍ഹമായ പ്രതിഫലം ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശവുമായി രംഗത്ത് വന്നിരിക്കുന്നത്.

സിനിമകളുടെ നിര്‍മ്മാണച്ചെലവിന് അനുസരിച്ച് കഥ, തിരക്കഥ, സംഭാഷണം, കഥ തിരക്കഥ സംഭാഷണം എന്നീ കാറ്റഗറികളില്‍ സ്ലാബ് നിശ്ചയിക്കണമെന്നാണ് തിരക്കഥാകൃത്തുക്കളുടെ സംഘടനയുടെ ആവശ്യം അഞ്ച് കോടിയില്‍ താഴെ ചെലവ് വരുന്ന സിനിമകള്‍ക്ക് കഥയ്ക്ക് മൂന്ന് ലക്ഷവും, തിരക്കഥയ്ക്ക് അഞ്ച് ലക്ഷവും, സംഭാഷണത്തിന് നാല് ലക്ഷവും ഇവ മൂന്നും കൂടെ ചെയ്യുന്നയാള്‍ ആണെങ്കില്‍ 12 ലക്ഷവും പ്രതിഫലം നിശ്ചയിക്കണമെന്നാണ് സംഘടനയുടെ മാര്‍ഗരേഖ.

5 മുതല്‍ 15 കോടി വരെയുള്ള സിനിമകളില്‍ കഥയ്ക്ക് ആറ് ലക്ഷവും തിരക്കഥയ്ക്ക് പത്ത് ലക്ഷവും ഡയലോഗിന് എട്ട് ലക്ഷവും മൂന്നും കൂടെ വരുമ്പോള്‍ 24 ലക്ഷവും. 15 കോടിക്ക് മുകളില്‍ ആണെങ്കില്‍ കഥയ്ക്ക് 9ലക്ഷം, തിരക്കഥയ്ക്ക് 15 ലക്ഷം, സംഭാഷണത്തിന് 12 ലക്ഷം, മൂന്നും കൂടെ വരുമ്പോള്‍ 36 ലക്ഷം എന്നിങ്ങനെ മിനിമം വേതനം നിശ്ചയിക്കണമെന്ന് എസ് ഡബ്‌ളിയു എ ആവശ്യപ്പെടുന്നു.

സിനിമകളുടെ ടൈറ്റില്‍ കാര്‍ഡില്‍ ഈ വിഭാഗങ്ങളില്‍ പേര് വയ്ക്കുന്ന കാര്യത്തിലും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും കരാറും ഉണ്ടാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. നിര്‍മ്മാതാവ് റിതേഷ് സിദ്വാനി തിരക്കഥാകൃത്തുക്കളുടെ സംഘടനയുടെ ആവശ്യത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.ഫര്‍ഹാന്‍ അക്തറിനൊപ്പം ചേര്‍ന്ന് എക്‌സല്‍ എന്റര്‍ടെയിന്‍മെന്റ് എന്ന നിര്‍മ്മാണകമ്പനി നടത്തുന്ന റിതേഷ് മുന്‍നിര സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയ്ക്ക് മുന്നില്‍ ഈ മാര്‍ഗരേഖ ചര്‍ച്ചയാക്കാനാണ് റിതേഷ് സിദ്വാനിയുടെ തീരുമാനം.

വേതനത്തിന് പുറമേ ഇത്ര ശതമാനം ലാഭവിഹിതം എന്ന നിലയില്‍ തിരക്കഥാകൃത്തുക്കളുമായും സംവിധായകരുമായി കരാറില്‍ ഏര്‍പ്പെടുന്ന കമ്പനിയാണ് എക്‌സല്‍ എന്തുകൊണ്ടാണ് എഴുത്തുകാര്‍ ഇത്രയും തരംതാഴ്ത്തപ്പെടുന്നത് എന്ന് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്നും റിതേഷ് മുംബൈ മിറര്‍ റിപ്പോർട്ടിനോട് പ്രതികരിച്ചു.

ബോളിവുഡിലെ തിരക്കഥാകൃത്തുക്കളുടെ നീക്കം മലയാളം, തമിഴ് തുടങ്ങി പല സിനിമാമേഖലകളിലും പ്രതിഫലനമുണ്ടാക്കും. യൂണിറ്റ് ഉള്‍പ്പെടെയുള്ള സാങ്കേതിക മേഖലയുടെ കാര്യത്തില്‍ മലയാളത്തില്‍ മിനിമം വേതനത്തില്‍ വ്യവസ്ഥ നിലവിലുണ്ട്. നിര്‍മ്മാതാക്കളുടെ സംഘടനയും ഫെഫ്കയും ഇക്കാര്യത്തില്‍ വേതന കരാറില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്. സംവിധാനം, തിരക്കഥ, സംഗീതം എന്നീ മേഖലയില്‍ നിര്‍മ്മാണ കമ്പനിയുമായി വ്യക്തിഗത കരാറുകളാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.