കേരളത്തിൽ വീണ്ടും കൊറോണ, ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു

0

ന്യൂഡല്‍ഹി: കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഐസോലേഷന്‍ വാര്‍ഡില്‍ തുടരുന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥരീകരിച്ചത്.
ഇതോടെ കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 2 ആയി. ചൈനയിൽ പോയി വന്ന ആൾക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ നില തൃപ്തികരമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോ​ഗബാധ ആദ്യം കണ്ടെത്തിയ മലയാളി വിദ്യാർത്ഥിനി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരോ​ഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അതേസമയം,​ കഴിഞ്ഞ ദിവസം ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കൊറോണ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. തൃശൂരിൽ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിനിക്കൊപ്പം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വന്നതായിരുന്നു പത്തൊൻപതുകാരി.

രക്ത സാമ്പിൾ പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പരിശോധന ഫലം ലഭിക്കാൻ നാല് ദിവസത്തെ താമസമുളളതിനാൽ പെൺകുട്ടിയെ വാർഡിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കുട്ടി ആരോഗ്യവതിയാണെന്നും പനിയുടെ ലക്ഷണങ്ങൾ ഇല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.