തിരുപ്പൂരിൽ കെഎസ്ആർടിസി ബസിൽ ലോറി ഇടിച്ചുകയറി; 19 മരണം

0

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. ഇരുപ തോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ ഏറെയും മലയാളികളാണ്.

പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ പെട്ടത്. 10 പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്.

മരിച്ച 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടുപേരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മരിച്ചവരിൽ ആറു പേർ സ്ത്രീകളാണ്. മരിച്ചവരിൽ ഐശ്വര്യ (28) – എറണാകുളം, നസീഫ് മുഹമ്മദ് അലി (24)- തൃശൂര്‍, രാഗേഷ് (35) – പാലക്കാട്, റോസിലി – തൃശൂർ, കിരൺ കുമാർ എം.എസ് (33) – തൃശൂർ, ഹനീഷ് (25) –തൃശൂർ, ജിസ്മോൻ ഷാജു (24) – തുറവൂർ, ശിവകുമാർ (35) – പാലക്കാട്, ഇഗ്നി റാഫേൽ (39) – തൃശൂർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ കം കണ്ടക്ടർമാരായ വി.ഡി. ഗിരീഷ് (44) –പെരുമ്പാവൂർ സ്വദേശി, വി.ആർ. ബൈജു (42) – പിറവം സ്വദേശി എന്നിവരും മരിച്ചു

പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ബസ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസില്‍ എറണാകുളത്തേക്ക് 25 പേരും, തൃശ്ശൂരേക്ക് 19 പേരും, പാലക്കാട്ടേക്ക് നാലുപേരുമാണ് റിസര്‍വ് ചെയ്തിരുന്നത്.