യുവനടിയുടെ ലെെംഗിക ആരോപണത്തിന് മറുപടിയുമായി സിദ്ദിഖ്

0

തിരുവനന്തപുരം: തനിക്കെതിരെ നടി നടത്തിയ ലെെംഗികാആരോപണത്തിന് മറുപടിയുമായി നടൻ സിദ്ദിഖ്. കഴിഞ്ഞ ദിവസം യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിൽ നിന്നും നീക്കം ചെയ്ത ഒരു രംഗത്തിന്റെ വിഡിയോ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചാണ് ‘മീ ടൂ’ വിഷയത്തിൽ താരം പ്രതികരിച്ചത്. 2006ൽ സുഖമായിരിക്കട്ടെഎന്ന സിനിമയുടെ പ്രിവ്യു ചടങ്ങിനിടെ സിദ്ദിഖിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നു നടിയുടെ തുറന്നുപറച്ചിൽ

കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിൽ ബ്രജിത്ത് എന്ന വിദേശിയായ യുവതിയോട് സിദ്ദിഖിന്റെ കഥാപാത്രം ഇഷ്ടമാണ് എന്നു പറയുന്ന വിഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. യുവതിയോട് ‘ഐ ലവ് യു’ എന്നു പറയുമ്പോൾ അവർ തിരിച്ച് ‘മീ ടൂ’ എന്നു പറയുന്നു. യുവതി പറയുന്ന ‘മീ ടൂ’, ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ സജീവമായ ‘മീ ടൂ’ കാംപെയ്നാണെന്ന് തെറ്റിദ്ധരിച്ച് സിദ്ദിഖ് ഓടി രക്ഷപ്പെടുന്നതാണ് രംഗം. കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ഹാഷ്ടാഗല്ലാതെ മറ്റു അടിക്കുറിപ്പുകളൊന്നും തന്നെ വിഡിയോയ്ക്ക് അദ്ദേഹം നൽകിയിട്ടില്ല.

ഇരുപത്തിയൊന്നാം വയസ്സിൽ തിരുവനന്തപുരം നിള തിയറ്ററിൽ വച്ച് സിദ്ദിഖിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നു രേവതി സമ്പത്തിന്റെ തുറന്നുപറച്ചിൽ. സിദ്ദിഖിന്റെ പെരുമാറ്റം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓർമയിലുണ്ടെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. 2016ൽ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യു ചടങ്ങിനിടെയാണ് സിദ്ദിഖ് ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്ന് രേവതി പറയുന്നു. സ്വന്തം മകൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നും രേവതി കുറിപ്പിലൂടെ ചോദിക്കുന്നു.

ആരോപണത്തെ കുറിച്ച് സിദ്ദിഖ് പറയുന്നതിങ്ങനെ: ഞാൻ പ്രധാനവേഷത്തിലെത്തിയ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങിൽ എന്റെ ക്ഷണം അനുസരിച്ചാണ് ഈ കുട്ടി, അച്ഛനെയും അമ്മയെയും കൂട്ടി എത്തിയത്. പ്രിവ്യുവിനു ശേഷം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് ഒരുമിച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായാണ് ഞങ്ങൾ പിരിഞ്ഞത്. അതിനു ശേഷവും ഇടയ്ക്ക് ആ കുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നു. ആരോപണത്തിൽ പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ല. ഇപ്പോൾ ഇങ്ങനെയൊരു ആരോപണം എന്തിനെന്നും എനിക്ക് അറിയില്ല. സിദ്ദിഖ് വ്യക്തമാക്കി.

മുൻപ് ഡബ്ല്യുസിസിക്കെതിരെ കെപിഎസി ലളിതക്കൊപ്പം സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് രേവതി തുറന്നു പറച്ചിൽ നടത്തിയത്. ഈ വിഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ തനിക്കുണ്ടായ അനുഭവം പറയാതിരിക്കാനാകില്ലെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. നേരത്തെ സംവിധായകനും എ‍ഡിറ്ററുമായ രാജേഷ് ടച്ച്‌റിവറിനെതിരെയും രേവതി സമ്പത്ത് ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു