‘വാനില്‍ ചന്ദ്രിക’ വന്നു…; ലൂക്കയിലെ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു

0

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായിഎത്തിയ ‘ലൂക്ക’യിലെ ‘വാനില്‍ ചന്ദ്രിക’ എന്ന ഗാനത്തിന്റെ വീഡിയോ യൂട്യൂബില്‍ റിലീസ് ചെയ്തു. ഗായകന്‍ ജി. വേണുഗോപാലിന്റെ മകന്‍ അരവിന്ദും സിയ ഉള്‍ ഹഖും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.

ഈ ഗാനത്തിന്റെ ലിറിക് വീഡിയോ നേരത്തേതന്നെ എത്തിയിരുന്നു. പുതുമുഖതാരം നിതിന്‍ ജോര്‍ജും നീതു ബാലയും അവരുടെ പ്രണയവുമാണ് ഗാനത്തിന്റെ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ശബരീഷ് വര്‍മയുടെ വരികള്‍ക്കു സംഗീതം നല്‍കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്. ഗാനത്തിലെ ഹിന്ദിവരികള്‍ എഴുതിയിരിക്കുന്നത് നിഷാ നായരാണ്.ജി. വേണുഗോപാലായിരുന്നു ആദ്യം ഈ ഗാനം പാടാന്‍ തീരുമാനിച്ചിരുന്നതെങ്കിലും അദ്ദേഹം വോയ്‌സ് റെസ്റ്റില്‍ ആയിരുന്നതിനാല്‍ മകന്‍ അരവിന്ദ് പാടുകയായിരുന്നു.

അഹാന കൃഷ്ണയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണം നേടിക്കൊണ്ടാണ് അരുണ്‍ ബോസ് സംവിധാനം ചെയ്ത ‘ലൂക്ക’ ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. അരുണ്‍ തന്നെയാണ് തിരക്കഥയും.

വിനീത കോശി, രാജേഷ് ശര്‍മ, ശാലു റഹിം, മോഹന്‍ മണമേല്‍ തുടങ്ങിയവരും ലൂക്കയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ നിര്‍മിച്ച സിനിമ ജൂണ്‍ 28-നാണ് തിയേറ്ററുകളില്‍ എത്തിയത്.