ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു; ഉത്തരവിൽ ഒപ്പുവച്ച് ഗോതാബയ രാജപക്‌സെ

0

കൊളംബോ: ശ്രീലങ്കയില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. 

അതേ സമയം ഘടകകക്ഷികൾ കൂട്ടമായി മുന്നണി വിട്ടതോടെ ശ്രീലങ്കയിൽ ഭൂരിപക്ഷം നഷ്ടമായി രജപക്സെ സർക്കാർ. 14 അംഗങ്ങൾ ഉള്ള   ശ്രീലങ്കൻ ഫ്രീഡം പാർട്ടി അടക്കം ചെറു കക്ഷികൾ മഹിന്ദ രാജപക്‌സെയുടെ പൊതുജന മുന്നണിയിൽനിന്ന് വിട്ട് പാർലമെന്റിൽ സ്വതന്ത്രരായി ഇരിക്കാൻ തീരുമാനിച്ചു. 

225 അംഗ ലങ്കൻ പാർലമെന്റിൽ 145 അംഗങ്ങളുടെ പിന്തുണയാണ് രജപക്സെ സർക്കാരിന് ഉണ്ടായിരുന്നത്. നാല്പതിലേറെ എം.പിമാർ പിന്തുണ പിൻവലിച്ചതോടെ സർക്കാർ ന്യൂനപക്ഷമായി. അതേസമയം ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത പുതിയ ധനമന്ത്രി അലി സാബ്രി 24 മണിക്കൂർ തികയും മുൻപേ രാജിവെച്ചു. 

ഇന്ന് പകലും ലങ്കയുടെ വിവിധ ഭാഗങ്ങളിൽ കനത്ത പ്രതിഷേധം തുടർന്നു.  രാത്രിയും പ്രതിഷേധം തുടരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാന പട്ടണങ്ങളിൽ സുരക്ഷ ശക്തമാക്കി. സർവകക്ഷി സർക്കാർ ഉണ്ടാക്കി പ്രതിസന്ധി നേരിടാം എന്ന രജപക്സേമാരുടെ നിർദേശം പ്രതിപക്ഷ പാർട്ടികൾ തള്ളിക്കളഞ്ഞിരിക്കുകയാണ്