സ്വകാര്യതാ ലംഘനം: രോഹിത് ശർമയുടെ ആരോപണം സ്റ്റാർ സ്പോർട്സ് നിഷേധിച്ചു

0

ന്യൂഡൽഹി: ഐപിഎൽ സംപ്രേഷണാവകാശമുള്ള സ്റ്റാർ സ്പോർട്സ് തന്‍റെ സ്വകാര്യത ലംഘിച്ചെന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ ആരോപണം ചാനൽ അധികൃതർ നിഷേധിച്ചു. ഓഡിയോ റെക്കോഡ് ചെയ്യരുതെന്ന് ക്യാമറാമാനോട് ആവശ്യപ്പെട്ടിട്ടും സ്റ്റാർ സ്പോർട്സ് റെക്കോഡ് ചെയ്യുകയും സ്വകാര്യ സംഭാഷണങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്തെന്നായിരുന്നു രോഹിതിന്‍റെ ആരോപണം.

മുംബൈ ഇന്ത്യൻസിൽ ഇനി തുടരാനില്ലെന്ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് അസിസ്റ്റന്‍റ് കോച്ച് അഭിഷേക് നായരോട് രോഹിത് പറയുന്ന വീഡിയോയാണ് വിവാദ വിഷയം. മുംബൈയിലും  മുംബൈ ഇന്ത്യൻസിലും രോഹിതിന്‍റെ മുൻ സഹതാരമാണ് അഭിഷേക് നായർ. ഈ സംഭാഷണത്തിന്‍റെ വീഡിയോ വൈറലായിരുന്നു. കെകെആർ പിന്നീട് ഇതു തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഡിലീറ്റ് ചെയ്തെങ്കിലും അതിനകം ലക്ഷണക്കക്കിനു തവണ ഷെയർ ചെയ്യപ്പെട്ടിരുന്നു.

എന്നാൽ, രോഹിതും അഭിഷേകുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ തങ്ങൾ റെക്കോഡ് ചെയ്തിട്ടില്ലെന്നാണ് സ്റ്റാർ സ്പോർട്സ് അവകാശപ്പെടുന്നത്. റെക്കോഡ് ചെയ്യരുതെന്ന് രോഹിത് ആവശ്യപ്പെടുന്ന ഭാഗം മാത്രമാണ് സംപ്രേഷണം ചെയ്തതെന്നും അവകാശവാദം. കളിക്കാരുടെ സ്വകാര്യതയിലേക്കു കടന്നുകയറാതിരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അധികൃതർ പറയുന്നു.