ജീവനെടുത്ത് ജപ്തി: അമ്മയുടെയും മകളുടെയും പോസ്റ്റ്‍മോർട്ടം ഇന്ന്

0

നെയ്യാറ്റിൻകര: കാനറാ ബാങ്കിന്‍റെ ജപ്തിനടപടികൾ ഉണ്ടാകുമെന്ന ഭീഷണിയിൽ ആത്മഹത്യ ചെയ്ത മാരായമുട്ടം സ്വദേശികളായ അമ്മയുടേയും മകളുടേയും പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. നെയ്യാറ്റിൻകര മഞ്ചവിളാകം മലയിൽക്കട ‘വൈഷ്ണവി’യിൽ ചന്ദ്രന്റെ ഭാര്യ ലേഖ(42)യും മകൾ വൈഷ്ണവി(19)യുമാണ് തീകൊളുത്തി മരിച്ചത്. മൃതദേഹങ്ങള്‍ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലാണ്. മൃതദേഹങ്ങള്‍ ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

16 വർഷം മുൻപെടുത്ത ഭവന വായ്പ മുടങ്ങിയതിന്റെ പേരിൽ വീട് ജപ്തി ചെയ്യുമെന്ന് ഉറപ്പായതോടെ അമ്മയും മകളും യം തീകൊളുത്തി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ബാങ്ക് നൽകിയ അവധി അവസാനിച്ച ഇന്നലെയും കിടപ്പാടം വിറ്റ് പണം കണ്ടെത്താൻ കഴിയാതെ വന്നതാണു മരണത്തിലേക്കു നയിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. വീടുവിറ്റ്‌ കടം തീർക്കാനാണ് ഇവർ തീരുമാനിച്ചത്‌. ഇതിനായി ഏൽപ്പിച്ച ഇടനിലക്കാരൻ ചൊവ്വാഴ്ച രാവിലെ പണം നൽകുമെന്നറിയിച്ചു. എന്നാൽ, ഇയാൾ പണം എത്തിച്ചില്ല. ഇതോടെ ലേഖയും വൈഷ്ണവിയും മുറിയിൽക്കയറി കുറ്റിയിട്ട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

മുറിയിൽനിന്ന്‌ നിലവിളിയും പുകയും ഉയരുന്നതുകണ്ട് ഭർത്താവ് ചന്ദ്രൻ വാതിൽ തള്ളിത്തുറക്കാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു.അയൽവാസിയുമായി എത്തി കതക് ചവിട്ടിത്തുറക്കുമ്പോഴേക്കും ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.പെട്ടെന്ന്‌ വെള്ളമൊഴിച്ച് തീകെടുത്തിയെങ്കിലും വൈഷ്ണവി മരിച്ചു. ഉടൻതന്നെ ലേഖയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴഴോടെ മരിച്ചു. പനച്ചമൂട് വൈറ്റ് മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥിയാണ്‌ വൈഷ്ണവി.

കാനറ ബാങ്ക് നെയ്യാറ്റിൻകര ശാഖയിൽനിന്ന് 2003 ലാണു ചന്ദ്രൻ 5 ലക്ഷം രൂപയുടെ ഭവനവായ്പയെടുത്തത്. 8 ലക്ഷത്തോളം രൂപ തിരിച്ചടച്ചു. 2010 ൽ അടവ് മുടങ്ങിയതോടെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു.6.8 ലക്ഷമാണ് ഇപ്പോഴത്തെ കുടിശിക. സർഫാസി നിയമപ്രകാരം റിക്കവറി നടപടികൾക്കായി ബാങ്ക് തിരുവനന്തപുരം ചീഫ്ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷനും ബാങ്ക് ഉദ്യോഗസ്ഥരും പൊലീസും കഴിഞ്ഞ വെള്ളിയാഴ്ച ജപ്തി നടപടികൾക്കായി എത്തിയിരുന്നു.14 നു മുൻപ് വീട് വിറ്റ് പണം അടയ്ക്കാമെന്നു ചന്ദ്രനും കുടുംബവും ബാങ്കിന് എഴുതി ഒപ്പിട്ടു നൽകിയതിനെ തുടർന്ന് ഇവർ മടങ്ങി. 45 ലക്ഷത്തോളം രൂപ മതിപ്പുവിലയുള്ള 10.5 സെന്റ് സ്ഥലവും വീടും ആ വിലയ്ക്ക് വിൽക്കാൻ നാളുകളായി ശ്രമിക്കുകയായിരുന്നെങ്കിലും നടന്നില്ല. ഒടുവിൽ 24 ലക്ഷം രൂപയ്ക്കു വാങ്ങാമെന്നു ബാലരാമപുരംസ്വദേശി കഴിഞ്ഞ ദിവസം ഉറപ്പ് നൽകി. ഈ വിശ്വാസത്തിലാണ് ഇന്നലെ വരെ സാവകാശം ആവശ്യപ്പെട്ടത്.

രണ്ടു പേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്കിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ഗൃഹനാഥൻ ചന്ദ്രന്‍റെ പരാതി ശരിവയ്ക്കുന്നതാണ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ജപ്തി നടപടികളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കേ കാനറ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ല കളക്ടർ നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കർശന നടപടിയുണ്ടാകുമെന്നാണ് റവന്യൂ മന്ത്രി നൽകുന്ന സൂചന.

ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താൽ മാത്രമേ മൃതദേഹം നാട്ടിൽ സംസ്കരിക്കുകയുള്ളൂ എന്നാണ് നാട്ടുകാരുടെ നിലപാട്. ബാങ്ക് ജീവനക്കാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്നലെ നെയ്യാറ്റിൻകരയിലും മാരായിമുട്ടത്തും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.