കേന്ദ്രസർക്കാരിന് തിരിച്ചടി: ഇ ഡി തലവന്റെ കാലാവധി നീട്ടാനുള്ള നടപടി റദ്ദാക്കി

0

മൂന്നാം തവണയും ഇ ഡി തലവന്റെ കാലാവധി നീട്ടാനുള്ള നടപടി സുപ്രിംകോടതി റദ്ദാക്കി. കാലാവധി നീട്ടണമെങ്കിൽ തീരുമാനിക്കേണ്ടത് സമിതിയെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹർജിയിലെ വാദങ്ങൾ പരിഗണിച്ച കോടതി 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് നിർദേശം നൽകി.

സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജൂലൈ 31 വരെ എസ്കെ മിശ്രയ്ക്ക് തുടരാം. സുപ്രിം കോടതി വിധിയുണ്ടായിട്ടും എസ്കെ മിശ്രയ്ക്ക് കാലാവധി നീട്ടി നൽകിയത് നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവത്തിൽ സുപ്രിം കോടതി വ്യക്തമാക്കി.

1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് മിശ്ര. 2018 ലാണ് ഇഡി ഡയറക്ടറായി അദ്ദേഹത്തെ ആദ്യം നിയമിക്കുന്നത്. 2020 നവംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി.

ശേഷം സെൻട്രൽ വിജിലൻസ് കമ്മീഷൻ ആക്ട് ഭേദഗതി ചെയ്ത് അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ഓർഡിനൻസും പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്താണ് സുപ്രിം കോടതിക്ക് മുന്നിൽ ഹർജികളെത്തിയത്.