ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

0

ന്യൂഡൽഹി:പ്രവാചക നിന്ദ നടത്തിയതിന് ബി.ജെ.പി പുറത്താക്കിയ മുൻവക്താവ് നൂപുർ ശർമ്മയെ അതിരൂക്ഷമായി വിമർശിച്ച സുപ്രീം കോടതി, അവർ രാജ്യത്തോട് നിരുപാധികം മാപ്പപേക്ഷിക്കണമെന്ന് വാക്കാൽ പറഞ്ഞു.

നൂപുർ ശർമ്മയുടെ എല്ലില്ലാത്ത നാവ് രാജ്യത്താകെ വികാരങ്ങൾക്ക് തീപിടിപ്പിച്ചു. ഇപ്പോൾ രാജ്യത്ത് സംഭവിക്കുന്നതിനെല്ലാം ഈ സ്ത്രീ മാത്രമാണ് ഉത്തരവാദി – ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് നൂപുറിന്റെ അഭിഭാഷകൻ മനിന്ദർ സിംഗ് ചൂണ്ടിക്കാട്ടി. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കിൽ എന്ന ഉപാധിയോടെയാണ് മാപ്പ് പറഞ്ഞതെന്നും അത് സ്വീകാര്യമല്ലെന്നും മാദ്ധ്യമങ്ങളിലൂടെ രാജ്യത്തോട് നിരുപാധികം മാപ്പ് പറയണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

അവർ രാഷ്ട്രീയ പാർട്ടിയുടെ വക്താവായിരിക്കാം. അതുകൊണ്ട് അധികാരത്തിന്റെ പിൻബലമുണ്ടെന്നും നിയമത്തെ മാനിക്കാതെ എന്തും പറയാമെന്നും കരുതിയോയെന്ന് ബെഞ്ച് ചോദിച്ചു.

തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ചാർജ് ചെയ്ത കേസുകൾ ഡൽഹിയിലേക്ക് മാറ്റാൻ നൂപുർ ശർമ്മ സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ വിമർശനം. കേസുകൾ ഡൽഹിയിലേക്ക് മാറ്റാൻ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശിച്ചു. തുടർന്ന് അഭിഭാഷകൻ ഹർജി പിൻവലിച്ചു.

ഹർജിയിൽ നൂപുറിന്റെ പേര് മാറ്റിയത് കോടതി ചോദ്യം ചെയ്‌തപ്പോൾ, അവർക്ക് ഭീഷണി ഉള്ളതിനാലാണെന്ന് അഭിഭാഷകൻ പറഞ്ഞു. അവർക്കാണോ ഭീഷണി അതോ അവരാണോ ഭീഷണിയെന്ന് കോടതി തിരിച്ചടിച്ചു.

അവതാരകയുടെ ചോദ്യത്തിന് മറുപടി പറഞ്ഞതാണെന്ന് നൂപുറിന്റെ അഭിഭാഷകൻ വാദിച്ചപ്പോൾ, എന്തുകൊണ്ടാണ് അവതാരകയ്ക്കെതിരെ കേസ് കൊടുക്കാത്തതെന്ന് കോടതി ചോദിച്ചു. ചർച്ചയിൽ പങ്കെടുത്തയാളെ പ്രകോപിപ്പിച്ചെന്നും അഭിഭാഷകൻ വിശദീകരിച്ചു. പ്രകോപിപ്പിച്ചാൽ അയാൾക്കെതിരെ കേസ് കൊടുക്കണമായിരുന്നു. ടി.വിയിലെ ചർച്ച എന്തിനായിരുന്നു ? ഒരു അജണ്ട ഉണ്ടാക്കാനായിരുന്നോ ? ജീവന് ഭീഷണിയുണ്ടെന്ന നൂപുറിന്റെ പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. നൂപൂർ ശർമ്മയ്ക്കെതിരെ നിരവധി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടും അവർക്കെതിരെ നടപടി എടുക്കാത്ത ഡൽഹി പൊലീസിനെയും കോടതി വിമർശിച്ചു. കേസ് നൂപൂർ ശർമ്മയ്ക്കെതിരായപ്പോൾ അവരെ തൊടാൻ ധൈര്യം ഇല്ല.

ഗ്യാൻവാപി പള്ളി വിഷയത്തിൽ മേയ് 27ന് നടന്ന ചാനൽ ചർച്ചയാണ് വിവാദമായത്. രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കെതിരായ വിമർശനത്തിനും വിവിധ സംസ്ഥാനങ്ങളിൽ അക്രമങ്ങൾക്കും ഇത് കാരണമായി. രാജസ്ഥാനിൽ കനയ്യ ലാൽ എന്ന യുവാവിനെ കഴുത്തറുത്ത് കൊല്ലുകയും ചെയ്‌തു.