‘അഭിഭാഷകന്റെ ചേംബറില്‍വെച്ച് പരസ്പരം മാലയിട്ട് വിവാഹം നടത്താം’: സുപ്രീം കോടതി

0

അഭിഭാഷകന്റെ ചേംബറില്‍വെച്ച് വരനും വധുവും പരസ്പരം മാലയും മോതിരവും കൈമാറുന്ന ലളിതമായ ചടങ്ങിലൂടെയും വിവാഹം നടത്താമെന്ന് സുപ്രീം കോടതി. ഹിന്ദു മാരേജ് ആക്ട് പ്രകാരം, അപരിചിതരായ ആളുകളുടെ മുന്നില്‍ വെച്ച് രഹസ്യമായി നടത്തുന്ന വിവാഹം സാധുവല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയിന്മേലാണ് സുപ്രീം കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാരേജ് ആക്ട് അനുച്ഛേദം 7(എ) പ്രകാരം, സഹൃത്ത്/ബന്ധു/സാമൂഹികപ്രവര്‍ത്തകന്‍ തുടങ്ങിയ നിലയില്‍ അഭിഭാഷകര്‍ക്ക് വിവാഹം നടത്താന്‍ കഴിയുമെന്ന് ജസ്റ്റിസമാരായ എസ്. രവീന്ദ്ര ഭട്ടും അരവിന്ദ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റ് വ്യക്തികളുടെയോ സാന്നിധ്യത്തില്‍, രണ്ട് ഹിന്ദുക്കള്‍ തമ്മില്‍ നടക്കുന്ന ഏത് വിവാഹത്തിനും സാധുതയുണ്ടെന്ന് അനുച്ഛേദം 7-എയില്‍ പറയുന്നു. സാധുവായ ഒരു വിവാഹത്തിന് ഒരു പുരോഹിതന്റെ സാന്നിധ്യം ആവശ്യമില്ല എന്നതാണ് ഈ വ്യവസ്ഥയിൽ ഊന്നിപ്പറയുന്നത്.