ജാതിയുടെ പേരില്‍ ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് ഇറക്കിവിട്ടു; യുവതിയെ വീട്ടിലെത്തി കണ്ട് സ്റ്റാലിന്‍

0

താഴ്ന്ന ജാതിയെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ അന്നാദാനത്തിൽ നിന്ന് ഇറക്കിവിട്ട സ്ത്രീയെ വീട്ടിലെത്തി കണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അനാചാരത്തിനെതിരെ പ്രതികരിച്ച അശ്വിനിയെ (Ashwini) മുഖ്യമന്ത്രി അഭിനന്ദിച്ചു. അശ്വിനി ഉൾപ്പെട്ട നരിക്കുറവർ വിഭാഗത്തിന് തമിഴ്നാട് സർക്കാർ അഞ്ച് കോടിയോളം രൂപയുടെ പദ്ധതികളും പ്രഖ്യാപിച്ചു.

ചെങ്കൽപ്പേട്ട് ജില്ലയിലെ മാമ്മലപുരത്തെ ക്ഷേത്രത്തിൽ നിന്നാണ് അശ്വിനിയെയും കുടുംബത്തെയും താഴ്ന്ന ജാതിക്കാരെന്ന് പറഞ്ഞ് ക്ഷേത്രഭാരവാഹികൾ ഇറക്കിവിട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ക്ഷേത്രത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയ അശ്വിനിയേയും ഒപ്പമുള്ളവരേയും ക്ഷേത്രജീവനക്കാര്‍ കമ്പ് കൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നു. അന്നദാനം നടക്കുന്ന സ്ഥലത്തേക്ക് കയറാന്‍ പോലും യുവതിയെ അനുവദിച്ചില്ല. ബാക്കിയുള്ള ഭക്ഷണം ക്ഷേത്രത്തിന് വെളിയിലേക്ക് നല്‍കുമെന്നായിരുന്നു ക്ഷേത്ര ജീവനക്കാരുടെ നിലപാട്. ദേവസ്വം വകുപ്പിന് കീഴിലുള്ള സ്തലശയന പെരുമാള്‍ ക്ഷേത്രത്തിലാണ് അശ്വിനിയ്ക്ക് ദുരനുഭവം നേരിട്ടത്.

സര്‍ക്കാര്‍ വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തില്‍ തനിക്കും തന്‍റെ വിഭാഗത്തിലുള്ളവര്‍ക്കുണ്ടായ അപമാനത്തേക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ വീഡിയോ വൈറലാവുകയും വിമര്‍ശനം ശക്തമാവുകയും ചെയ്തതിന് പിന്നാലെ ദേവസ്വം മന്ത്രി നേരിട്ടെത്തി യുവതിക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.

തമിഴ്നാട് സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികളുടെ ഭാഗമായി 754 ക്ഷേത്രങ്ങളിലൂടെയാണ് സൗജന്യ അന്നദാനം നടക്കുന്നത്. അശ്വിനിയുടെ വീഡിയോ വൈറലായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ നേരിട്ട് ഇടപെടുകയായിരുന്നു. സംഭവത്തില്‍ ദേവസ്വം വകുപ്പില്‍ നിന്നും ക്ഷേത്ര ജീവനക്കാരില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ നടന്ന അന്നദാനത്തില്‍ അശ്വിനിക്കും ഒപ്പമുള്ളവര്‍ക്കും പ്രവേശനം നല്‍കിയതായി ദേവസ്വം കമ്മീഷണര്‍ പി ജയരാമന്‍ മന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന പെരുമാള്‍ ക്ഷേത്ര സന്ദര്‍ശനത്തിലാണ് അശ്വിനിക്കൊപ്പം മന്ത്രി ഭക്ഷണം കഴിച്ചത്. അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്ക് സാരിയും മുണ്ടും അടക്കമുള്ളവ നല്‍കിയാണ് മന്ത്രി മടങ്ങിയത്. ക്ഷേത്രങ്ങള്‍ വഴിയുള്ള സൗജന്യ അന്നദാനത്തിനായി 63 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.