തെലങ്കാനയിലെ വിപ്ലവ ഗായകന്‍ ഗദ്ദര്‍ അന്തരിച്ചു

0

തെലങ്കാനയിലെ വിപ്ലവ ഗായകന്‍ ഗുമ്മഡി വിറ്റല്‍ റാവു അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ഹൈദരബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഗദ്ദര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

പ്രതിഷേധത്തിന്റെയും കൂട്ടായ്മയുടെയും വേദികളില്‍ തന്റെ ഗാനങ്ങള്‍ കൊണ്ട് വിപ്ലവം സൃഷ്ടിച്ച ഗദ്ദര്‍ ഇനിയില്ല. സി പി ഐ എം എല്‍ പ്രസ്ഥാനത്തിന്റെ സജീവ അംഗമായിരുന്നു. പാര്‍ട്ടിയുടെ സാംസ്‌കാരിക വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ വിപ്ലവ ഗാനങ്ങളിലൂടെ ഊര്‍ജം പകര്‍ന്നു ഗദ്ദര്‍. ഇതിനായി ജന നാട്യ മണ്ഡലിയെന്ന സാംസ്‌കാരിക വേദി രൂപീകരിച്ചു. നക്‌സല്‍ ആശയങ്ങളുടെ പ്രധാന പ്രചാരകനായി. 2010 വരെ രംഗത്ത് സജീവമായിരുന്നു.

1997 ല്‍ ഗദ്ദറിന് നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായി. അതില്‍ നിന്നും രക്ഷപെട്ടെങ്കിലും, സുഷുമ്‌നാ നാഡിയില്‍ വെടിയുണ്ടയും കൊണ്ടായിരുന്നു പിന്നീടുള്ള ജീവിതം. തെലങ്കാന സംസ്ഥാന രൂപീകരണത്തെ പിന്തുണച്ച ഗദ്ദര്‍ തെലങ്കാന പ്രജ ഫ്രണ്ട് എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല.

എന്‍ജിനീയറിങ് കഴിഞ്ഞ് ബാങ്ക് ജോലിക്കിടെയാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തിലെത്തിയത്. ദളിതരുടെയും ദുര്‍ബല ജനവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി ആയിരുന്നു ഗദ്ദറിന്റെ പോരാട്ടങ്ങള്‍. വിവിധ കാലങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ പിന്തുണച്ചിരുന്നെങ്കിലും തന്റെ വിപ്ലവ ആശയങ്ങള്‍ ആര്‍ക്കും അടിയറവച്ചിരുന്നില്ല ഗുമ്മഡി വിറ്റല്‍ റാവു എന്ന ഗദ്ദര്‍.