പ്രതീക്ഷകൾക്ക് വിട; തൊടുപുഴയില്‍ മര്‍ദനമേറ്റ കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടർമാരുടെ റിപ്പോർട്ട്

1

കോലഞ്ചേരി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴുവയസ്സുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാൽ സർക്കാർ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിലെ വിദഗ്‌ദ്ധ സംഘമെത്തിയാലേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുട്ടി അതീവ ഗുരുതരവസ്ഥയിലാണ്. ഇനി പ്രതീക്ഷയില്ലെന്നും ഡോക്ടർമാർ അറിയിച്ചു.തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു. കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ട നിലയിലായിരുന്നു. ആറു സെന്റീമീറ്ററോളം നീളത്തില്‍ തലയോട്ടിക്കു പൊട്ടലുണ്ട്. തലയോട്ടിക്കകത്ത് രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് തലച്ചോറിനുമുകളില്‍ രക്തം കട്ടപിടിച്ചിരുന്നു.ഇത് നീക്കംചെയ്‌തെങ്കിലും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

ബുധനാഴ്ച അർദ്ധരാത്രിയാണ് പ്രതി അരുൺ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. അരുൺ കുട്ടിയെ നിരവധി തവണ നിലത്തിട്ട് ചവിട്ടുകയും ഭിത്തിയിലിടിക്കുകയും ചെയ്തെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സഹോദരനെ വടികൊണ്ട് അടിക്കുന്നത് കണ്ടെന്ന് മൂന്നരവയസുള്ള ഇളയകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരോട് പറഞ്ഞു.