സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായി. സമാനതകളില്ലാത്ത നേട്ടത്തിന്റെ പ്രഖ്യാപനം ഫെബ്രുവരി 29ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ നിർവഹിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീനും ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടനുബന്ധിച്ച് നടക്കുന്ന തിരുവനന്തപുരം ജില്ലാതല കുടുംബസംഗമത്തിൽ 35,000ത്തിലധികം പേർ പങ്കെടുക്കും. ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയർമാൻ ടൂറിസം ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതം പറയും. മറ്റു മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വകുപ്പ് തലവൻമാരും ചടങ്ങിൽ പങ്കെടുക്കും. ഇതോടെ ഇന്ത്യയിൽ സർക്കാരുകൾ ഏറ്റെടുത്ത് നടത്തുന്ന ഭവനനിർമ്മാണ പദ്ധതികളിൽ ഏറ്റവും കൂടുതൽ വീടുകൾ കുറഞ്ഞ സമയത്ത് പൂർത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറും. ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തിൽ വിപുലമായ പരിപാടികളോടെ ഗുണഭോക്താക്കളുടെ ഒത്തുചേരൽ വൈകുന്നേരം മൂന്നു മണി മുതൽ സംഘടിപ്പിക്കും. ഫെബ്രുവരി 27 മുതൽ പ്രഖ്യാപനത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫോട്ടോപ്രദർശനവും സെമിനാറുകളും സംവാദങ്ങളും പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ഫെബ്രുവരി 29ന് നടക്കുന്ന രണ്ട് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ലൈഫ് മിഷന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ www.youtube.com/lifemissionkerala യിലൂടെ ലൈവായി കാണാനാവും. പരിപാടിയുടെ വെബ് ലൈവ് സ്ട്രീമിങും ഉണ്ടാകും.

രണ്ടു ലക്ഷം പൂർത്തിയാവുന്ന വീടിന്റെ ഗൃഹപ്രവേശനം 29ന് രാവിലെ 8.30ന് തിരുവനന്തപുരം കരകുളം ഏണിക്കരയിൽ നടക്കും. ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും. ലൈഫ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുത്തരിക്കണ്ടത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി അവാർഡ് നൽകും. കേരളത്തിന്റെ സമഗ്ര വികസനവും ദുരിതബാധിതർക്കുള്ള സത്വരക്ഷേമ നടപടികളും ഉൾപ്പെടുന്ന ബഹുമുഖ പദ്ധതിയായ നവകേരള മിഷനിലെ പ്രധാന പദ്ധതിയാണ് ലൈഫ്. കേരളത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങൾക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ലൈഫ് മിഷൻ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷൻ പദ്ധതി വിഭാവനം ചെയ്തത്. ഒന്നാംഘട്ടത്തിൽ 2000-01 മുതൽ 2015-16 സാമ്പത്തിക വർഷം വരെ വിവിധ സർക്കാർ ഭവനനിർമ്മാണ പദ്ധതികൾ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന കുടുംബങ്ങൾക്കുള്ള വീടുകൾ യാഥാർഥ്യമാക്കുക എന്നതായിരുന്നു ലൈഫ് മിഷൻ ഏറ്റെടുത്ത ദൗത്യം. ഒന്നാംഘട്ടത്തിൽ പൂർത്തീകരിക്കേണ്ടിയിരുന്ന 54,173 വീടുകളിൽ 52,050 (96.08 %) വീടുകൾ ഇതിനകം നിർമ്മിച്ചു. ഈ ഘട്ടത്തിൽ ഓരോ ഗുണഭോക്താവിനും വീടുപൂർത്തിയാക്കാൻ ആവശ്യമായ തുക നൽകിയാണ് നിർമ്മാണം നടത്തിയത്. ഒന്നാം ഘട്ടത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 670 കോടിയോളം രൂപയാണ്.


ലൈഫ് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമ്മാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ രേഖാപരിശോധനയിലൂടെ 100460 ഗുണഭോക്താക്കളാണ് അർഹത നേടിയത്. ഇവരിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടത് 92,213 പേരാണ്. ഇവരിൽ 74674 (80.97 %) ഗുണഭോക്താക്കൾ ഭവനനിർമ്മാണം പൂർത്തിയാക്കി. ലൈഫ് മിഷനിലൂടെ നടപ്പിലാക്കുന്ന ഭവനനിർമ്മാണങ്ങൾക്കു പുറമെ ലൈഫ് -പി.എം.എ.വൈ (അർബൻ) പദ്ധതി പ്രകാരം 79520 ഗുണഭോക്താക്കൾ കരാർ വച്ച് പണി ആരംഭിക്കുകയും 47144 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ലൈഫ് -പി.എം.എ.വൈ (റൂറൽ) പദ്ധതി പ്രകാരം 17475 ഗുണഭോക്താക്കൾ കരാർ വച്ച് പണി ആരംഭിക്കുകയും 16640 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ലൈഫ് രണ്ടാം ഘട്ടത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 5851.23 കോടി രൂപയാണ്. ലൈഫ് – പി എം എ വൈ (റൂറൽ) ക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ച 612.60 കോടി രൂപയും ലൈഫ് – പി എം എ വൈ (അർബൻ) ക്കായി ചെലവഴിച്ച 2263.63 കോടി രൂപയും ഇതിൽ ഉൾപ്പെടും.


ഇതുകൂടാതെ, മറ്റു വകുപ്പുകളുടെ ഭവനനിർമ്മാണ പദ്ധതികളും പൂർത്തീകരിച്ചുവരുന്നു. പട്ടികജാതി വകുപ്പിനു കീഴിൽ 18811 വീടുകളും പട്ടികവർഗ വകുപ്പിനു കീഴിൽ 738 വീടുകളും പൂർത്തീകരിച്ചു. ഫിഷറീസ് വകുപ്പ് നിർമിച്ച വീടുകളുടെ എണ്ണം 3725 ആണ്. ഇതെല്ലാം കണക്കാക്കുമ്പോൾ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുവരെ പൂർത്തിയാക്കിയത് 2,14,000 ത്തിൽപ്പരം വീടുകളാണ്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചത്. 32388 വീടുകളാണ് ജില്ലയിൽ നിലവിൽ പൂർത്തിയായത്. 24898 വീടുകൾ പൂർത്തീകരിച്ച പാലക്കാടാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള കൊല്ലം ജില്ലയിൽ 18470 വീടുകൾ പൂർത്തിയാക്കി. പത്തനംതിട്ടയിൽ 5594 ഉം ആലപ്പുഴയിൽ 15880 കോട്ടയം, ഇടുക്കി ജില്ലകളിൽ യഥാക്രമം 7983 ഉം 13531 ഉം എറണാകുളത്ത് 14901 ഉം തൃശൂരിൽ 15604 ഉം മലപ്പുറത്ത് 17994 ഉം കോഴിക്കോട് 16381 ഉം വയനാട് 13596ഉം കണ്ണൂരും കാസർഗോഡും യഥാക്രമം 9236, 7688 വീടുകളും പൂർത്തിയായി.
ലൈഫ് മൂന്നാംഘട്ടത്തിൽ 1,06,925 ഗുണഭോക്താക്കളെ അർഹരായി കണ്ടെത്തി. മൂന്നാംഘട്ടത്തിൽ പ്രധാനമായും ഭവനസമുച്ചയങ്ങളാണ് നിർമിക്കുന്നത്. പ്രീഫാബ് സാങ്കേതികവിദ്യയാണ് നിർമാണത്തിന് ഉപയോഗിക്കുക. മൂന്നാം ഘട്ടത്തിന്റെ പരീക്ഷണാടിസ്ഥാനത്തിൽ അടിമാലിയിൽ 217 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ഭവനസമുച്ചയം പൂർത്തിയാക്കി അടിമാലി ഗ്രാമപഞ്ചായത്തിലെ അർഹരായ മുഴുവൻ ഭൂരഹിത ഭവനരഹിതർക്കും വീട് കൈമാറി. 163 ഗുണഭോക്താക്കൾക്കാണ് നിലവിൽ അവിടെ വീടുകൾ ലഭിച്ചത്. ബാക്കി വീടുകൾ മറ്റ് പഞ്ചായത്തുകളിലെ ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കളെ കണ്ടെത്തി ഉടൻ കൈമാറും. അങ്കമാലിയിൽ 12 കുടുംബങ്ങൾക്കായുള്ള ഭവന സമുച്ചയത്തിന്റെ നിർമാണം പൂർത്തീകരിക്കുകയും ഫെബ്രുവരി 15 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കൾക്ക് നൽകുകയും ചെയ്തു. മൂന്നാംഘട്ടത്തിൽ ഈ വർഷം 100 ഭവന സമുച്ചയങ്ങളാണ് പൂർത്തീകരിക്കുക. ഇതിൽ 12 പൈലറ്റ് ഭവന സമുച്ചയങ്ങളുടെ ടെൻഡർ അവാർഡ് ചെയ്ത് പ്രാരംഭ പ്രവർത്തികൾ ആരംഭിച്ചു. ആഗസ്റ്റ് 2020 ന് മുമ്പ് ഇവ പൂർത്തിയാക്കും. ലൈഫ് മൂന്നാം ഘട്ടത്തിനായി സർക്കാർ ഇതുവരെ 31 കോടിയോളം രൂപ ചെലവഴിച്ചു. 448 കോടിയോളം രൂപയുടെ ഭവന സമുച്ചയ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. ഭവന സമുച്ചയങ്ങൾക്കായി 300 ഓളം സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി പേർ പദ്ധതിയിൽ സ്ഥലം നൽകാനായി മുന്നോട്ടു വന്നിട്ടുണ്ട്.

വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിന് പല പ്രമുഖ ബ്രാൻഡുകളുമായി കൈകോർത്ത് കുറഞ്ഞ നിരക്കിൽ വീട് നിർമ്മാണ സാമഗ്രികൾ വിതരണം ചെയ്യുന്നതിനുള്ള നടപടികളും ലൈഫ് മിഷൻ കൈക്കൊണ്ടിരുന്നു. 20-60 ശതമാനം വരെ വിലകുറച്ചാണ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ, വയറിംഗ് ഉപകരണങ്ങൾ, പെയിന്റ്, സാനിറ്ററി ഉപകരണങ്ങൾ, സിമെന്റ്, വാട്ടർ ടാങ്ക് തുടങ്ങിയവ ഗുണഭോക്താക്കൾക്കു ലഭ്യമാക്കിയത്. കൂടാതെ തൊഴിലുറപ്പ് ദിനങ്ങളിൽ നിന്ന് 90 ദിവസം വീട് നിർമ്മാണത്തിനായി ഉപയോഗിക്കാനുള്ള വ്യവസ്ഥയും സാധ്യമാക്കിയിരുന്നു.

തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, നവകേരളം മിഷൻ കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ലൈഫ് മിഷൻ സി. ഇ. ഒ യു. വി. ജോസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

ലൈഫിലൂടെ ജീവിതവും
പാർപ്പിടം ലഭിച്ചതുകൊണ്ടു മാത്രം ഒരു കുടുംബത്തിന് അന്തസ്സുള്ള ജീവിതം സാധ്യമാകില്ല. മികച്ച വിദ്യാഭ്യാസവും തൊഴിലും ജീവിത സാഹചര്യങ്ങളും ആവശ്യമാണ്. ലൈഫ് എന്ന വാക്ക് അർത്ഥമാക്കുന്നതു പോലെ ജീവിതം തന്നെയാണ് ലൈഫ് മിഷൻ അതിന്റെ ഗുണഭോക്താക്കൾക്ക് നൽകുന്നത്. ലൈഫ് മിഷൻ പദ്ധതിയിലൂടെ വീടുകൾ ലഭിച്ചവർക്ക് തുടർജീവിതത്തിന് സാമൂഹ്യവും തൊഴിൽപരവുമായ പിന്തുണ ആവശ്യമാണ്. ഇവർക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനും സമൂഹത്തിന്റെ മുൻനിരയിലേക്ക് വരാനും സഹായമാകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ സേവനം ഒരു കുടക്കീഴിൽ ലഭ്യമാക്കി സംഘടിപ്പിച്ച അദാലത്ത് ഗുണഭോക്താക്കൾക്ക് മുന്നോട്ടുള്ള ജീവിതഗതി നിർണ്ണയിക്കാൻ സഹായകമായി. ഇരുപതിലധികം സർക്കാർ വകുപ്പുകളുടെ സേവനമാണ് ഇതിനായി ഉപയോഗിച്ചത്.