പലസ്തീൻ ജനതയ്ക്ക് രണ്ട് കോടി ഡോളർ; അടിയന്തര സഹായവുമായി യുഎഇ

0

പലസ്തീനിലെ ജനതയ്ക്ക് സഹായവുമായി യുഎഇ. രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി. പലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക.

പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് ​അടിയന്തിര ആശ്വാസം പകരുകയെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ്​ സഹായമെത്തിക്കുന്നതെന്ന്​ യു.എ.ഇ വാർത്താ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിലും സാധാരണ ജനത്തിന്റെ ജീവൻ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബഹ്റൈൻ മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. പലസ്തീൻ വിഭാഗങ്ങളും ഇസ്രായേൽ സേനയും തമ്മിലുള്ള നിലവിലെ സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ സിവിലിയൻമാരുടെ സംരക്ഷണത്തിന് മുൻ‌ഗണന നൽകണം.

അന്താരാഷ്‌ട്ര നിയമങ്ങൾ അനുസരിക്കാൻ ഏവർക്കും ബാധ്യതയുണ്ടെന്നും സമാധാനം കൈവരിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ ദ്വിരാഷ്ട്ര പരിഹാരം കൊണ്ടുവരുന്നതിന് ചർച്ചകൾ നടത്തുകയും നയതന്ത്ര പരിഹാരം കണ്ടെത്തുകയും ചെയ്യണമെന്നും യോഗം അഭിപ്രായപ്പെട്ടു.