അർബൻ നിധി നിക്ഷേപ തട്ടിപ്പ് : മുഖ്യപ്രതി ആന്റണി സണ്ണി പിടിയിൽ

0

കണ്ണൂർ : അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണി പിടിയിൽ. കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ് പുറത്ത് വന്നതിന് പിന്നാലെ ഒളിവിൽ പോയ ആന്റണിയെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ആന്റണി സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം, തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് പൊക്കിയത്.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതുവരെ ലഭിച്ച 350 ഓളം പരാതികളിലായി 30 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്. രാജ്യത്തിന് പുറത്തു നിന്നും വൻ തോതിൽ സ്ഥാപനത്തിലേക്ക് പണം വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹവാല ഇടപാടുകൾ നടന്നതായുള്ള സംശയവും പൊലീസിനുണ്ട്. ഇതിനു മുൻപ് ഇ ഡിയുടെ അന്വേഷണം നടന്നിട്ടുള്ളതും ഹവാലാ സംശയം ബലപ്പെടുത്തുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റിന്റെ സഹായത്തോടെ ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് സംസ്ഥാന പൊലീസ് ശ്രമിക്കുന്നത്.

2020 ലാണ് കമ്പനി തുടങ്ങിയത്. കഴിഞ്ഞവർഷം ഓഗസ്റ്റ് വരെ ജീവനക്കാർക്കു ശമ്പളവും നിക്ഷേപകർക്കു പലിശയും കൃത്യമായി നൽകിയിരുന്നതായാണു വിവരം. കേസിലെ പ്രതികളായ തൃശ്ശൂർ സ്വദേശി ഗഫൂർ, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരെ കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിലും സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 12% പലിശയും സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണു നിക്ഷേപകരെ വലയിൽ വീഴ്ത്തിയത്. കൂലിപ്പണിക്കാർ മുതൽ ഡോക്ടർമാരും പ്രവാസികളും വരെ ഇരകളായാതായാണ് വിവരം. 59 ലക്ഷം രൂപ നഷ്ടപ്പെട്ട തലശ്ശേരി സ്വദേശിയായ ഡോകടറുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്.