ഇതിനു മുന്നേ നമ്മൾ കണ്ടു മറന്ന ഗ്യാങ്‌സ്റ്റർ സിനിമകളിലെ പല കഥാ ഘടകങ്ങളും ‘വട ചെന്നൈ’ യിലും ആവർത്തിക്കുന്നുവെങ്കിലും ഹീറോ പരിവേഷമില്ലാതെ ഗ്യാങ്സ്റ്റർ ജീവിതങ്ങളെ കലർപ്പില്ലാതെ അവതരിപ്പിച്ചു കാണിക്കുന്നത് കൊണ്ടാണ് ഈ സിനിമ ക്ലാസ് ആകുന്നത്. അതും വലിയൊരു കാലയളവിൽ സംഭവ ബഹുലമായ ഒരുപാട് ജീവിതങ്ങളുടെ കഥ പറഞ്ഞു കൊണ്ട്. കൊട്ടേഷൻ പണിക്ക് പോകുന്ന ഗുണ്ട എന്നതിൽ നിന്നും വ്യത്യസ്തമായി പാർശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ രക്ഷകനായാണ് രാജൻ എന്ന ഗ്യാങ്സ്റ്ററെ അവതരിപ്പിക്കുന്നത്. എന്ന് കരുതി അത് ‘കാല’ യുടെ ഒരു തനിയാവർത്തനവുമാകുന്നില്ല. രാജന്റെ നിലപാടുകളും ജനകീയതയും രാഷ്ട്രീയക്കാരന്റെ കുടില ബുദ്ധികൾക്ക് തടസ്സം നിൽക്കുന്നതോട് കൂടെ സീൻ മാറുകയാണ്. രാജന്റെ മരണ ശേഷം ആരംഭിക്കുന്ന കഥ പറിച്ചിലിനിടയിൽ ഒരുപാട് കഥാപാത്രങ്ങൾ ചിതറി കിടക്കുന്നത് കാണാം. ശരിയും തെറ്റുമൊന്നും നോക്കാതെ പല കാരണങ്ങൾ കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും കൊല്ലിന്റെയും കൊലയുടെയും വഴിയിലൂടെ പോകാൻ വിധിക്കപ്പെട്ടവരും സ്വയമേ ആ വഴി തിരഞ്ഞെടുത്തവരുമായി ഒരുപാട് പേർ. ഇതിനിടയിൽ തന്നെയാണ് അത്രയും പേരുടെ ജീവിതവും നിലപാടുകളുമൊക്കെ ഒളിഞ്ഞു കിടക്കുന്നതും ചർച്ച ചെയ്യപ്പെടുന്നതും. അരും കൊലക്ക് ശേഷം ചാരായ ഷോപ്പിലെ മേശ മുകളിലേക്ക് വക്കുന്ന ചോര പുരണ്ട കൊടുവാളിനെ കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ കൊല്ലപ്പെട്ടവനാര് എന്നതിലേക്ക് പോകാതെ കൊല ചെയ്തവരെ പിൻപറ്റിയാണ് കഥ പറഞ്ഞു തുടങ്ങുന്നത്. വെട്രി മാരൻ എന്ന സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ തുടക്കം എന്ന് തന്നെ വിശേഷിപ്പിക്കാം അതിനെ.

Dhanush in Vada Chennai

സിനിമ തുടങ്ങുമ്പോൾ കഥയിൽ ഒട്ടും പ്രസക്തമല്ലെന്നു തോന്നിച്ചവർ അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോൾ പ്രസക്തിയാർജ്ജിക്കുന്ന കഥാപാത്രങ്ങളായി മാറുന്ന പോലെ തന്നെ അശക്തരും ധൈര്യമില്ലാത്തവരുമായിരുന്നവർ സാഹചര്യങ്ങൾ കൊണ്ട് പതിയെ അതിനു വിപരീതമായി പരിണമിച്ചു കൊണ്ടിരിക്കുന്നതും കാണാം പ്രേക്ഷകന്. ഈ ഒരു മാറ്റം സിനിമാറ്റിക് ആയി കാണിക്കാൻ എളുപ്പമാണ് പക്ഷെ അനുഭവപ്പെടുത്താൻ ബുദ്ധിമുട്ടുമാണ്. ഇവിടെ കഥാപാത്രങ്ങളുടെ മാനറിസത്തിലുണ്ടാകുന്ന ആ ഒരു മാറ്റം ഗംഭീരമായി ബോധ്യപ്പെടുത്തി തരുന്നുണ്ട് സംവിധായകൻ. കാരംസ് കളിച്ചു നടന്നിരുന്ന ഒരു സാധാരണ അപ്പാവി പയ്യന്റെ രൂപത്തിൽ നിന്നും തുടങ്ങി അൻപ് എന്ന കഥാപാത്രത്തിന്റെ ശരീര ഭാഷയിലും രൂപത്തിലും നോട്ടത്തിലുമുള്ള പകർന്നാട്ടങ്ങളെ മികവുറ്റതാക്കി മാറ്റാൻ ധനുഷിന് സാധിച്ചിട്ടുണ്ട്. ഒരു വേള അൻപ് ചിന്തിക്കുന്നത് പോലെ ആരുടെ പക്ഷമാണ് ശരി ആരുടെ പക്ഷമാണ് തെറ്റ് എന്നറിയാതെ സിനിമ കാണുന്ന പ്രേക്ഷകനും ആശയ കുഴപ്പത്തിലായി പോകുന്നുണ്ട്. കഥ പറയുന്ന ആ ഒരു ശൈലി കൊണ്ട് തന്നെ സ്‌ക്രീനിൽ കാണുന്ന ഓരോ കഥാപാത്രങ്ങളുടെയും കൂടെ കഥയറിയാതെ അവരുടെ പക്ഷം പിടിച്ചു കാണാൻ നിർബന്ധിതരാകുകയാണ് കാണുന്നവർ. നെല്ലും പതിരും വേർ തിരിഞ്ഞു ശരിയുടെ പക്ഷമെന്തെന്നു ബോധ്യമാകും വരെ കാഴ്ചക്കാരെ ഈ ഒരു അവസ്ഥയിലൂടെ കൊണ്ട് നടത്തുകയാണ് സംവിധായകൻ. കഥയറിയാതെ സ്‌ക്രീൻ കാഴ്ച കൊണ്ട് മാത്രം അനുകൂലിച്ചു പോയ കഥാപാത്രങ്ങളെ ഒടുക്കം പ്രേക്ഷകന് തന്നെ തള്ളിക്കളയേണ്ടി വരുന്നു. ഇത്തരത്തിൽ ദയയും സഹതാപവും വിശ്വാസവും പിടിച്ചു പറ്റുകയും മറ്റൊരു ഘട്ടത്തിൽ അധികാരത്തിന് വേണ്ടി സ്വാർത്ഥതയുടെയും വിശ്വാസ വഞ്ചനയുടെയും ചതിയുടെയുമെല്ലാം ആൾരൂപമായി മാറുകയും ചെയ്യുന്ന കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന സിനിമ കൂടിയാണ് വട ചെന്നൈ.

1987 തൊട്ട് 2003 വരെയുള്ള കാലയളവിൽ വടക്കൻ ചെന്നൈയിൽ രൂപപ്പെടുന്ന ഗ്യാങ്ങുകളും അവർക്കിടയിൽ നടക്കുന്ന ശണ്ഠകളും വിഭാഗീയതകളും അധികാര തർക്കങ്ങളും കാലത്തിനൊപ്പം കൃത്യമായി അടയാളയപ്പെടുത്താൻ സംവിധായകന് സാധിക്കുന്നുണ്ട്. സിനിമ കടന്നു പോകുന്ന ഓരോ കാലഘട്ടത്തിന്റെയും ഓർമ്മപ്പെടുത്തൽ എന്ന നിലക്ക് MGR ന്റെയും രാജീവ് ഗാന്ധിയുടേയുമൊക്കെ മരണ വാർത്തകൾ കടന്നു വരുന്നത് കാണാം. ‘വട ചെന്നൈ’ യുടെ സ്ക്രിപ്റ്റ് എന്ന് പറയുന്നത് ഒരു വിഷയത്തിലെ വിവിധ അധ്യായങ്ങൾ എന്ന കണക്കെയാണ്. ചോരക്കറയുള്ള ഓരോ അധ്യായങ്ങളും അവസാനിക്കുന്നത് പകയുടെയും പ്രതികാരത്തിന്റെയും പുതിയൊരു അധ്യായത്തിലേക്കുള്ള സൂചന തന്നു കൊണ്ടാണ്. ധനുഷിന്റെ കഥാപാത്രം അൻപ് പറയുന്ന പോലെ ഒരാൾ മരിച്ചത് കൊണ്ട് മാത്രം തീരുന്ന ശണ്ഠയല്ല ഇത്. ജയിക്കാനാണെങ്കിലും തോൽക്കാനാണെങ്കിലും ശണ്ഠ ചെയ്തേ പറ്റൂ. “‘ കുടിസിയോ കുപ്പമേടോ ഇത് നമ്മ ഊരു താ ..നമ്മ താ അത് പാത്തുക്കണോ ..നമ്മ താ അതുക്കാകെ സണ്ട സെയ്യണൊ” എന്ന് പറയുന്ന തലത്തിലേക്ക് അൻപ് എന്ന കഥാപാത്രം ശക്തപ്പെടുന്നിടത്തു നിന്നാണ് രാജൻ അവസാനിച്ചിടത്ത് നിന്ന് അതേ നിലപാടുകൾ കൊണ്ട് അൻപിൻറെ കാലം ആരംഭിക്കാൻ പോകുന്നത്. ‘വട ചെന്നൈ’ യിലെ ശണ്ഠ അവസാനിക്കാനുള്ളതല്ല പൂർവ്വാധികം രക്തകലുഷിതമായി തുടരാനുള്ളതാണ് എന്ന് വ്യക്തം.

Aishwarya Rajesh and Dhanush in Vada Chennai

ആകെ മൊത്തം ടോട്ടൽ = ഗ്യാങ്‌സ്റ്റർ സിനിമകളുടെ ഒരു തിരുത്തിയെഴുത്താണ് ‘വട ചെന്നൈ’. പതിഞ്ഞ താളത്തിൽ തുടങ്ങി മെല്ലെ മെല്ലെ മുറുകുന്ന സിനിമ. വയലൻസിന്റെയും പ്രതികാരത്തിന്റെയുമൊക്കെ ഒരു ക്ലാസ്സിക് സിനിമാവിഷ്ക്കാരം എന്ന് വേണമെങ്കിൽ പറയാം. അനുരാഗ് കശ്യപിന്റെ Gangs of Wasseypur ന്റെ ഒരു തമിഴ് പതിപ്പ് എന്ന് തോന്നിപ്പോയാലും തെറ്റില്ല. സന്തോഷ് നാരായണന്റെ സംഗീതവും വേൽ രാജിന്റെ ഛായാഗ്രഹണവും സിനിമയുടെ കണ്ണും കരളുമാണ്. ധനുഷ്-വെട്രിമാരൻ കോമ്പോയുടെ മികവ് എന്നതിനപ്പുറം ഈ സിനിമയിൽ അണി നിരന്ന ഓരോ നടീനടന്മാരുടെയും പ്രകടന മികവിന്റെ ആകെത്തുകയാണ് വട ചെന്നൈയുടെ ഭംഗി ഇരട്ടിപ്പിക്കുന്നത്. ഐശ്വര്യ രാജേഷിന്റെ നായികാ സ്ഥാനത്തേക്കാൾ പ്രകടനം കൊണ്ട് ശക്തമായ സ്ത്രീ കഥാപാത്രമായി മാറുന്നു ആൻഡ്രിയ. ആദ്യ പകുതി ഒരൽപ്പം ലാഗ് തോന്നുമെങ്കിലും അത് സിനിമയുടെ അവതരണ ശൈലിയുടെ ഭാഗമായി ഉൾക്കൊള്ളാവുന്നതാണ്. എന്തായാലും വരാനിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ഒരു ഉശിരൻ തുടക്കം മാത്രമാണ് ഈ സിനിമ. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

Originally Published in സിനിമാ വിചാരണ

ലേഖകന്‍റെ ബ്ലോഗ്‌ ഇവിടെ വായിക്കാം