കഫെ കോഫി ഡേ സ്ഥാപകൻ സിദ്ധാർഥയെ കാണാനില്ല

0

ബെംഗളൂരു ∙ ഇന്ത്യയിലെ മുൻനിര കോഫി ശൃംഖലയായ കഫെ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി.സിദ്ധാർഥയെ കാണാനില്ല. ഇന്നലെ രാത്രിയാണ് സിദ്ധാർഥയെ നേത്രാവതി പുഴയിൽ കാണാതായത്.

തിങ്കളാഴ്ച വൈകിട്ട് മംഗലാപുരത്തിനു സമീപം നേത്രാവതി നദിക്കു കുറുകെയുള്ള പാലത്തിനടുത്ത് സിദ്ധാർഥ കാറിൽ നിന്നും ഇറങ്ങി പോവുകയാണെന്നാണ് റിപ്പോർട്ട്. ഒരു മണിക്കൂർ കാത്തിരുന്നിട്ടും മടങ്ങിയെത്താത്തതിനെത്തുടർന്ന് കാർ ഡ്രൈവർ പരിസരത്തെല്ലാം അന്വേഷണം നടത്തിയ ശേഷം ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

സിദ്ധാർഥയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി ലഭിച്ച പൊലീസ് നദിയിലും പരിസരങ്ങളിലും ബോട്ടുകളിലും മറ്റും തിരച്ചിൽ നടത്തുകയാണ്.പ്രദേശത്ത് നല്ല മഴ പെയ്തിരുന്നതിനാൽ പുഴയിൽ നല്ല അടിയൊഴുക്കുള്ളതും തിരച്ചിലിന് തടസം സൃഷ്ടക്കുന്നുണ്ട്. പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്.

ഇതിനിടെ, രണ്ട് ദിവസം മുമ്പ് കഫേ കോഫി ഡേ ജീവനക്കാർക്ക് സിദ്ധാർഥ അയച്ച കത്ത് പുറത്തുവന്നു. സംരംഭകൻ എന്ന നിലയിൽ പരാജയപ്പെട്ടുവെന്നാണ് സിദ്ധാർഥയുടെ കത്തിൽ പറയുന്നത്.ആദായ നികുതി വകുപ്പിൽ നിന്ന് വലിയ സമ്മർദ്ദം ഉണ്ടായിയെന്നും കമ്പനിയെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെന്നും കത്തിൽ പരാമര്‍ശമുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാർഥയുടെ കത്തില്‍ പറയുന്നത്.

കഫേ കോഫി ഡേ ഇടപാടുകളിൽ അഴിമതി നടന്നെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ വർഷം സിദ്ധാർഥയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്‍സ്മെന്‍റ് ഡയറക്റ്ററേറ്റ് പരിശോധന നടത്തിയിരുന്നു.

രാജ്യത്തെ കാപ്പിക്കുരു കയറ്റുമതിക്കാരിൽ പ്രമുഖനാണ് ‘കോഫി കിങ്’ എന്ന് അറിയപ്പെടുന്ന സിദ്ധാർഥ. അദ്ദേഹത്തിന്റെ ഓഫിസുകളിൽ 2017 സെപ്റ്റംബറിൽ ആദായനികുതി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയിരുന്നു. 130 വര്‍ഷത്തോളമായി കാപ്പിക്കുരു ഉത്പാദനരംഗത്തു പ്രവർത്തിക്കുന്ന കുടുംബമാണ് സിദ്ധാർഥയുടേത്. കൺസൾട്ടൻസി സ്ഥാപനമായ മൈൻഡ് ട്രീയുടെ നോൺ എക്സിക്യൂട്ടിവ് ഡയറക്ടർ കൂടിയാണ്.

സെവൻ സ്റ്റാർ റിസോർട്ട് ഹോസ്പിറ്റാലിറ്റി ശൃംഖലയായ സെറായി. സിസാഡ എന്നിവയുടെയും സ്ഥാപകനും. 1996 ൽ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് അദ്ദേഹം ആദ്യമായി കഫെ കോഫി ഡേ എന്ന സ്ഥാപനം തുടങ്ങിയത്. അതിവേഗം രാജ്യമെമ്പാടും വ്യാപിച്ച കഫെ കോഫി ഡേ ശൃംഖല ഇന്ന് രാജ്യാന്തര ബ്രാൻഡാണ്.എസ്.എം.കൃഷ്ണയുടെ മൂത്തമകൾ മാളവികയാണ് സിദ്ധാർഥയുടെ ഭാര്യ. ഇവർക്ക് രണ്ട് ആൺമക്കളാണ്.