ചരിത്രം കുറിച്ച് കോഹ്ലി; 50-ാം സെഞ്ചുറി നേടി താരം: ഒരു റെക്കോര്‍ഡ് കൂടി സച്ചിന് നഷ്ടമായി

0

ഐസിസി ഏകദിന ലോകകപ്പിൽ അമ്പതാം സെഞ്ചുറി തികച്ച് കിങ് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായി വിരാട് കോഹ്ലി. 106 പന്തുകളിലാണ് താരം അമ്പതാം സെ‌ഞ്ചുറി നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സറും അടങ്ങുന്ന ഇന്നിങ്സോടെയാണ് കോഹ്ലി അമ്പതാം സെഞ്ചുറിയിലെത്തിയത്. ഒരു ലോകകപ്പ് നോക്കൗട്ടിൽ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്.

ക്രിക്കറ്റ് ദൈവത്തിന് പകരം ഇനി ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമായി കിങ് കോഹ്ലി. കോഹ്ലി അമ്പതാം സെഞ്ചുറി തികയ്ക്കുമ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും സ്റ്റേഡിയത്തിൽ ഉണ്ട്. ഒരിക്കലും ഒരാളും തിരുത്താൻ സാധ്യതയില്ലാത്ത റെക്കോഡുകളുടെ ഗണത്തിലേക്ക് വിരാട് കോഹ്ലിയുടെ പ്രകടനം മാറുന്നു.

നേരത്തെ ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോലി മറികടന്നിരുന്നു. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് പഴങ്കഥയായത്. കൂടാതെ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പിൽ കൂടുതൽ തവണ 50-ന് മുകളിൽ സ്‌കോർ ചെയ്ത താരമെന്ന റെക്കോഡ് കോഹ്ലിയുടെ പേരിലായി. എട്ടാം തവണയാണ് കോഹ്ലി 50 കടക്കുന്നത്.

ഏഴു തവണ 50 കടന്ന സച്ചിൻ തെണ്ടുൽക്കർ, ഷാക്കിബ് അൽ ഹസ്സൻ എന്നിവരുടെ റെക്കോഡാണ് കോഹ്ലി മറികടന്നത്. ഏകദിന റൺനേട്ടത്തിൽ മുൻ ഓസീസ് താരം റിക്കി പോണ്ടിന്റെ 13,704 റൺസ് മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് വിരാട് കോഹ്ലി എത്തി. കോഹ്ലിക്ക് മുന്നിൽ കുമാർ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനി ഉള്ളത്.