കങ്കണയെ മർദിച്ച വനിത കോൺസ്റ്റബിളിന് ജോലി വാഗ്ദാനം ചെയ്ത് ഗായകന്‍ വിശാൽ ദദ്‌ലാനി

0

ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് കങ്കണ റണൗട്ടിനെ തല്ലിയ സിഐഎസ്എഫ് കോൺസ്റ്റബിളിന് ജോലി വാഗ്ദാനം ചെയ്ത് ഗായകനും സംഗീത സംവിധായകനുമായ വിശാൽ ദദ്‌ലാനി. സിഐഎസ്എഫ് കോൺസ്റ്റബിളിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ ‘ജോലി ഉറപ്പാക്കാൻ’ ആഗ്രഹിക്കുന്നതായും പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിപ്പ് പങ്കിട്ടുകൊണ്ടായിരുന്നു വിശാലിന്റെ പ്രതികരണം.

“ഞാൻ ഒരിക്കലും അക്രമത്തെ പിന്തുണയ്ക്കുന്നില്ല, എന്നാൽ ഈ ഉദ്യോഗസ്ഥരുടെ രോഷത്തിന്റെ ആവശ്യകത ഞാൻ പൂർണമായും മനസ്സിലാക്കുന്നു. അവർക്കെതിരെ സിഐഎസ്എഫ് എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കിൽ, അവൾ അത് സ്വീകരിക്കാൻ തീരുമാനിച്ചാൽ അവൾക്കായി കാത്തിരിക്കുന്ന ഒരു ജോലി ഉണ്ടെന്ന് ഞാൻ ഉറപ്പാക്കുന്നു. ജയ് ഹിന്ദ്. ജയ് ജവാൻ. ജയ് കിസാൻ.” അദ്ദേഹം എഴുതി.

ജൂൺ ആറിന് ഛണ്ഡീഗഢ് എയർപോർട്ടിൽവച്ചാണ് കങ്കണക്ക് അടിയേറ്റത്. ഡൽഹിയിലേക്ക് പോകാനെത്തിയപ്പോൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ കങ്കണയുടെ മുഖത്തടിച്ചെന്നാണ് ആരോപണം. സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.

കുൽവീന്ദർ കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കേന്ദ്ര സർക്കരി ന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ കങ്കണ ഖലിസ്ഥാനി തീവ്രവാദികളെന്ന് ആക്ഷേപിച്ചതാണു പ്രകോപനത്തിനിടയാക്കിയത്. കുൽവീന്ദർ കൗറിന് പിന്തുണയുമായി കർഷക സംഘടനകളടക്കം രംഗത്ത് വന്നിരുന്നു.