രാമരാജ്യം വന്നാല്‍ ഉര്‍ദു പൂര്‍ണമായും നിരോധിക്കുമെന്ന് തെലങ്കാന ബിജെപി അധ്യക്ഷന്‍

0

ഹൈദരാബാദ്: രാമരാജ്യം വന്നാല്‍ ഉര്‍ദു ഭാഷ പൂര്‍ണമായും നിരോധിക്കുമെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷനും കരിംനഗര്‍ എംപിയുമായ ബന്ദി സഞ്ജയ്. മദ്രസകള്‍ തീവ്രവാദികളെ പരിശീലിപ്പിക്കുന്ന സ്ഥലമാണെന്നും ബന്ദി സഞ്ജയ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കരിംനഗറില്‍ ഹിന്ദു ഏക്ദാ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാമരാജ്യം വന്നാല്‍ ഞങ്ങള്‍ ഉര്‍ദു ഭാഷ പൂര്‍ണമായും നിരോധിക്കും. രാജ്യത്ത് എവിടെ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതിനും കാരണം മദ്രസകള്‍ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി മാറിയത് കൊണ്ടാണ്. അവരെ നമ്മള്‍ തിരിച്ചറിയണം”, അദ്ദേഹം പറഞ്ഞു. പള്ളികളുടെ പരിസരം കുഴിച്ച് പരിശോധിച്ചാല്‍ ശിവലിംഗങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്നും ബന്ദി സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

തെലങ്കാനയിലെ എല്ലാ പള്ളികളും കുഴിച്ച് പരിശോധിക്കാന്‍ ഞാന്‍ അസദുദ്ദീന്‍ ഒവൈസിയെ വെല്ലുവിളിക്കുകയാണെന്നും സഞ്ജയ് പറഞ്ഞു. അസ്ഥികൂടങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവകാശമുന്നയിക്കാം. മറിച്ച് ശിവലിംഗങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ സ്ഥലം ഞങ്ങള്‍ക്ക് കൈമാറുക. വെല്ലുവിളി ഏറ്റെടുക്കാന്‍ അസദുദ്ദീന്‍ ഒവൈസി തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.