ഇന്ത്യ സഖ്യത്തിന്റെ മൂന്നാം യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കെടുക്കും

0

പ്രതിപക്ഷസഖ്യമായ ഇന്ത്യയുടെ മൂന്നാം യോഗത്തില്‍ പങ്കെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. ഈ മാസം അവസാനം മുംബൈയില്‍ വച്ച് നടക്കുന്ന യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ മുംബൈയിലെത്തുമെന്നും തുടര്‍ന്നുള്ള തീരുമാനങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അരവിന്ദ് കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ മത്സരത്തിന് തയാറെടുക്കാന്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് യൂണിറ്റിനോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ്- എഎപി വാക്‌പോര് മുറുകിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കെജ്രിവാള്‍ മുംബൈ യോഗത്തില്‍ പങ്കെടുക്കുമോയെന്ന സംശയം അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിനിടെയാണ് കെജ്രിവാളിന്റെ സുപ്രധാന പ്രഖ്യാപനം.

ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ അരവിന്ദ് കെജ്രിവാള്‍ ബിജെപിയെയും കോണ്‍ഗ്രസിനേയും ഒരുപോലെ വിമര്‍ശിച്ചതും എഎപി കോണ്‍ഗ്രസിനൊപ്പം ഇന്ത്യ സഖ്യത്തില്‍ നില്‍ക്കുമോ എന്ന സംശയത്തിന് ഇടം നല്‍കിയിരുന്നു. ജൂലൈ 17-18 തീയതികളില്‍ ബെംഗളൂരുവില്‍ നടന്ന പ്രതിപക്ഷഐക്യനിരയുടെ രണ്ടാമത്തെ യോഗത്തില്‍ എഎപി സാന്നിധ്യമറിയിച്ചിരുന്നു.