2014 ല്‍ കാണാതായ മലേഷ്യൻ എയർലൈൻസ് ഫ്‌ളൈറ്റ് 370 ന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയോ?

0

ക്വാലാലംപൂരിൽ നിന്ന് ബെയ്ജിംഗിലേക്ക് പറക്കുന്നതിനിടെ 239 യാത്രക്കാരും ജീവനക്കാരുമായി 2014 ല്‍ കാണാതായ മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 370 ന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ ചില ചിത്രങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചു. ഇതിന് പിന്നാലെ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പരന്നു. എന്നാല്‍ കണ്ടെത്തിയത് മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 370 ന്‍റെ അവശിഷ്ടങ്ങള്‍ അല്ലെന്ന് വെളിപ്പെടുത്തല്‍.

വിമാനം തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ വിദൂര ഭാഗത്ത് വച്ചാണ് റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. ഏറെ അന്വേഷണം നടന്നെങ്കിലും ഇന്നും വിമാനത്തെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളാകട്ടെ ചെങ്കടലിൽ മുങ്ങിയ ലോക്ക്ഹീഡ് മാർട്ടിൻ എൽ 1011 ട്രൈസ്റ്റാർ എന്ന വിമാനത്തിന്‍റെ ചിത്രങ്ങളായിരുന്നു. സ്കൂബ ഡൈവിംഗ് കമ്പനിയായ ഡീപ് ബ്ലൂ ഡൈവ് സെന്‍ററാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ട വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ 2019 ൽ ജോർദാൻ തീരത്ത് ഉപേക്ഷിക്കപ്പെട്ട വിമാനത്തിന്‍റെ ചിത്രങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. ഒരു കൃത്രിമ പവിഴപ്പുറ്റുണ്ടാക്കാനായിട്ടായിരുന്നു ഈ വിമാനം ജോർദാൻ തീരത്ത് ഉപേക്ഷിച്ചത്.

ലോക്ക്ഹീഡ് മാർട്ടിൻ എൽ 1011 ട്രൈസ്റ്റാർ എന്ന വിമാനം ജോർദാനിയൻ വാണിജ്യ വിമാനമായിരുന്നു. സർവീസ് നിർത്തിയ വിമാനം വർഷങ്ങളായി കിംഗ് ഹുസൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിട്ടിരിക്കുകായിരുന്നു. പിന്നീട് അഖബ സ്‌പെഷ്യൽ ഇക്കണോമിക് സോൺ അതോറിറ്റി ഈ വിമാനം വാങ്ങുകയും കൃത്രിമ ഡൈവിംഗ് സൈറ്റ് സൃഷ്‌ടിക്കാനായി ചെങ്കടലിലെ അക്കാബ ഉൾക്കടലിൽ മുക്കുകയുമായിരുന്നു. ഇത്രയും കാലം വെള്ളത്തിന് അടിയില്‍ കിടന്നിരുന്നതിനാല്‍ വിമാന ചിറകുകളില്‍ ചെറിയ പവിഴപ്പുറ്റുകള്‍ വളര്‍ന്നിരുന്നു. ഇത് വിമാനത്തിന്‍റെ പഴക്കം തോന്നാന്‍ കാരണമായി. അതേ സമയം മലേഷ്യന്‍ വിമാനം ഇന്നും കാണാമറയത്ത് തന്നെയാണ്.