ചാൾസ് മൂന്നാമന് ക്യാൻസർ; പൊതുപരിപാടികൾ റദ്ദാക്കി

0

ലണ്ടൻ: ബ്രിട്ടിഷ് രാജാവ് ചാൾസ് മൂന്നാമന് ക്യാൻസർ ബാധിച്ചതായി ബക്കിങ്ങാം കൊട്ടാരം സ്ഥിരീകരിച്ചു. ചികിത്സ ആരംഭിക്കുന്നതിനാൽ ചാൾസിന്‍റെ പൊതുപരിപാടികൾ മാറ്റിയതായി കൊട്ടാരം പ്രസ്താവനയിൽ പറഞ്ഞു.

പ്രോസ്റ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 75കാരനായ ചാൾസ് രാജാവ് ചികിത്സ തേടിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ക്യാൻസർ സ്ഥിരീകരിച്ചത്. എന്നാൽ, പ്രോസ്റ്റേറ്റ് ക്യാൻസറല്ല ചാൾസിന് ബാധിച്ചതെന്നും അധികൃതർ.

ചികിത്സയെ ശുഭാപ്തി വിശ്വാസത്തോടെയാണ് അദ്ദേഹം നേരിടുന്നതെന്നും വൈകാതെ പൊതുപരിപാടികളിലേക്ക് തിരിച്ചുവരുമെന്നും പ്രസ്താവനയിൽ പറയുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്ക്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ ചാൾസിന് രോഗമുക്തി ആശംസിച്ചു.