ഷെറിൻ വധക്കേസ്: വെസ്ലി മാത്യുസിന്റെ അപ്പീല്‍ കോടതി തള്ളി

0

ഡാലസ് ∙ മൂന്നു വയസുകാരി ഷെറിന്‍മാത്യു മരിച്ച കേസ്സിൽ ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെ വളർത്തു പിതാവ് വെസ്‍ലി മാത്യു സമർപ്പിച്ച അപ്പീൽ ഡാലസ് കൗണ്ടി ജഡ്ജി തള്ളി. വ്യാഴാഴ്ചയാണ് പുനര്‍വിചാരണ വേണമെന്ന വെസ്ലി മാത്യൂസിന്റെ ഹര്‍ജി കോടതി പരിഗണിച്ചത്.

ഷെറിന്റെ മരണത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും ഷെറിനെ സഹായിക്കുന്നതിനായി തന്നോട് സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും വെസ്ലി കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ കേസില്‍ പുനര്‍വിചാരണ വേണമെന്ന് ആവശ്യപ്പെട്ടുള്ള വെസ്ലിയുടെ അപ്പീല്‍ കോടതിതള്ളുകയായിരുന്നു.

ജൂണിൽ ഈ ജഡ്ജിയുടെ കോർട്ടിൽ തന്നെയായിരുന്നു കേസിന്റെ ആദ്യ വിചാരണയും ശിക്ഷയും വിധിച്ചിരുന്നത്. മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിന് ഡാലസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വര്‍ഷത്തിനു ശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവൂ എന്നായിരുന്നു കോടതി വിധി.

സെപ്റ്റംബർ 5 രാവിലെ കോടതിയിൽ കേസ്സ് വന്ന് അധികം താമസിയാതെ തന്നെ പുനർവിചാരണയ്ക്കുളള അപ്പീൽ തള്ളുന്നതായി ജഡ്ജി വിധിയെഴുതി. മരണം വരെ ജയിലിൽ തുടരണമെന്ന വിധി നിലനിൽക്കും.

2017 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മലയാളി ദമ്പതിമാരായ സിനി മാത്യൂസിന്റെയും വെസ്ലി മാത്യൂസിന്റെയും ദത്തുപുത്രിയായിരുന്ന ഷെറിനെ വീട്ടില്‍നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്കു ശേഷം കലുങ്കിനടിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.