മലയാളി നഴ്സിന്റെ മരണം: 78 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഷാര്‍ജ കോടതി

0

ഷാർജ∙ ചികിത്സാ പിഴവുമൂലം മലയാളി നഴ്സ് മരിച്ച സംഭവത്തിൽ 4 ലക്ഷം ദിർഹം (ഏകദേശം 78 ലക്ഷം രൂപ) നഷ്ടപരിഹാരം വിധിച്ച് ഷാര്‍ജ കോടതി. കൊല്ലം പത്തനാപുരം സ്വദേശിയും ഷാർജ യൂണിവേഴ്സിറ്റി ഹോസ്‍പിറ്റലിലെ സ്റ്റാഫ് നഴ്സുമായിരുന്ന ബ്ലെസ്സി ജോസഫ് ഏബ്രഹാം (32) മരിച്ച സംഭവത്തിലാണു വിധി.

നഷ്ടപരിഹാരമായി 39 ലക്ഷം രൂപയും കോടതി ചെലവിനത്തില്‍ മറ്റൊരു 39 ലക്ഷം രൂപയും മരിച്ച യുവതിയെ ചികിത്സിച്ച ഷാര്‍ജയിലെ ഡോ. സണ്ണി മെഡിക്കല്‍ സെന്‍ററും ഡോക്ടര്‍ ദര്‍ശന്‍ പ്രഭാത് രാജാറാം പി നാരായണരായും അടയ്ക്കണം. ബ്ലെസി ടോമിന്‍റെ ഭര്‍ത്താവ് ജോസഫ് അബ്രഹാമിനും അവരുടെ രണ്ടു മക്കള്‍ക്കുമാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്.

അണുബാധയെത്തുടർന്ന് 2015 നവംബറിലാണ് ബ്ലെസ്സി ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്. മരുന്നിന്റെ പാർശ്വഫലംമൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഭർത്താവും ദുബായ് നഗരസഭയിൽ ലാബ് അനലിസസ്റ്റുമായ ജോസഫ് ഏബ്രഹാമാണു കോടതിയെ സമീപിച്ചത്.

ബ്ലെസി മരിച്ചതോടെ ഡോക്ടര്‍ നാരായണരാ യുഎഇയില്‍ നിന്ന് നാടുവിട്ടു. ബ്ലെസിയുടെ മരണം ചികിത്സാപ്പിഴവ് കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ജോസഫ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുകയും മരുന്നിന്‍റെ റിയാക്ഷന്‍ മൂലമാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് കുടുംബത്തിന് നഷ്ടപരിഹാം നല്‍കണമെന്ന് കോടതി വിധിച്ചത്. ഇപ്പോള്‍ ഇന്ത്യയിലുള്ള ഡോക്ടര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.