പരിസ്ഥിതി -സമീപനത്തിലെ പരമാർത്ഥങ്ങൾ

0

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളെ സംരക്ഷിക്കാനായി നിയമിച്ച ഗാഡ്ഗിൽ കമ്മിറ്റി നൽകിയ റിപ്പോർട്ട് നടപ്പാക്കുന്നത് വോട്ട് ബാങ്ക് രാഷ്ടീയത്തിന് പ്രതികൂലമായി തീരുമെന്ന് കണ്ടപ്പോഴാണ് അതിൽ വെള്ളം ചേർത്ത് കൊണ്ട് പുതിയ കസ്തുരി രംഗൻ റിപ്പോർട്ടുമായി സർക്കാർ രംഗത്ത് വന്നിരുന്നത്. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തേക്കാൾ മറ്റാരുടെയൊക്കെയോ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരുന്നു കസ്തൂരി രംഗൻ റിപ്പോർട്ട്.

പശ്ചിമ ഘട്ടം ക്വാറി മാഫിയകൾക്ക് യഥേഷ്ടം ഉപയോഗിക്കാൻ സ്വാതന്ത്ര്യം നൽകാനാണ് ബഹുജന അടിത്തറയയുള്ള രാഷ്ടീയ കക്ഷികൾ പോലും താല്പര്യം പ്രകടിപ്പിച്ചിരുന്നത്. എങ്കിലും പശ്ചിമഘട്ട നിര കളെ പൂർണ്ണമായും തുരന്നെടുക്കുന്നതിൽ ചില വിലക്കുകൾ കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ ഫലമായി സംജാതമായിരുന്നു. എന്നാൽ ഒടുവിലിതാ ആ നിയന്ത്രണങ്ങൾ പോലും നീക്കുവാനുള്ള തയ്യാറെടുപ്പിലാണ് സർക്കാറുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 2014ൽ 9993.7 ചതുരശ്ര കി.മീറ്റർ പരിസ്ഥിതി ലോല മേഖലയായി നിർണ്ണയിച്ചിരുന്നു. 123 ഗ്രാമങ്ങൾ പരിസ്ഥിതി സംരക്ഷിത മേഖലയിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ പുതിയ ഇളവിലൂടെ 31 ഗ്രാമങ്ങളെക്കൂടി പരിസ്ഥിതി സംരക്ഷിത മേഖലയിൽ നിന്ന് ഒഴിവാക്കാനാണ് ശ്രമം നടന്നുകൊണ്ടിരിക്കുന്നത്. ഈ തീരുമാനം തികച്ചും പരിസ്ഥിതിക്ക് വിനാശകരമാകുന്നത് തന്നെയാണ്. സൈലൻ്റ് വാലിയുടെ കാര്യത്തിൽ ശ്രീമതി ഇന്ദിരാഗാന്ധി കാണിച്ച പാരിസ്ഥിതിക ബോധം കാണിക്കണമെന്ന് ഇന്നത്തെ ഭരണാധികാരികളെ ഓർമ്മിപ്പിക്കുന്നത് കൊണ്ട് കാര്യമില്ലെന്നറിയാം.

എങ്കിലും മുൻ പാരിസ്ഥിതിക വകുപ്പ് മന്ത്രി ശ്രീ. ജയറാം രമേഷ് കാണിച്ച പാരിസ്ഥിതിക സമീപനമെങ്കിലും പരിസ്ഥിതി സ്നേഹികൾ പ്രതീക്ഷിക്കുന്നുണ്ട്. ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ വിലപിക്കുന്നതിലല്ല, ദുരന്തങ്ങൾ സംഭവിക്കാതിരിക്കാനുള്ള മിതമായ തോതിലെങ്കിലുമുള്ള പരിസ്ഥിതി നയം അനുവർത്തിക്കേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തം തന്നെയാണ്.