ട്രാഫിക് ബ്ലോക്കിനിടയിൽ ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന യുവതി: ചിത്രം ശ്രദ്ധനേടുന്നു

0

ജോലിക്ക് പോകുന്നവരും നഗരങ്ങളിൽ താമസിക്കുന്നവരും സ്ഥിരം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് റോഡിലെ ട്രാഫിക്ക് ബ്ലോക്ക്. ഈ അടുത്തിടെ അമിതാഭ് ബച്ചനും അനുഷ്ക ശർമ്മയും വരെ ട്രാഫിക്ക് ബ്ലോക്കിൽ പെട്ടതും പിന്നീട് പുലിവാൽ പിടിച്ചതുമെല്ലാം നമ്മളറിഞ്ഞ സംഭവമാണ്. അത്തരത്തിൽ ബംഗളൂരു നഗരത്തിലെ ട്രാഫിക്കിനിടെ കണ്ട ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

ട്രാഫിക്ക് ബ്ലോക്കിനു പേരുകേട്ട സ്ഥലമാണ് ബംഗളൂരു. ഇവിടങ്ങളിൽ‌ സ്വന്തം വണ്ടിക്ക് പോയി പെടാതിരിക്കാനായി റാപ്പിഡോ പോലുള്ള സൗകര്യങ്ങളാണ് എല്ലാവരും ഉപയോഗിക്കുക. അത്തരത്തിൽ റാപ്പിഡോ ബൈക്കിന് പിന്നിലിരുന്ന് തന്‍റെ ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന യുവതിയുടെ ചിത്രമാണ് ശ്രദ്ധനേടുന്നത്. നിഹാർ ലോഹ്യ എന്നയാളാണ് തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു കാറിലിരുന്നെടുത്ത ഈ ചിത്രം പോസ്റ്റ് ചെയ്തത്.

“പീക്ക് ബംഗളൂരു നിമിഷം; ഓഫീസിലേക്ക് റാപ്പിഡോ ബൈക്കിൽ ജോലി ചെയ്യുന്ന യുവതി” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ ട്രാഫിക്ക് ബ്ലോക്കിനെതിരെ പരാതിപ്പെട്ടുകൊണ്ട് അവരുടെ സ്ഥിരം പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞത്.