മരണഭീതിയിൽ ലോകം: കോവിഡ് കവർന്നത് രണ്ടു ലക്ഷം ജീവൻ; 28,90,360 പേര്‍ക്ക് രോഗബാധ

0

വാഷിങ്ടൻ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടു. ഒടുവിലത്തെ കണക്കനുസരിച്ച് മരണം 2,01,501 ആയി. 28,90,360 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 61,534 പേർക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു.58,132 പേരുടെ നില ഗുരുതരമാണ്. ആകെ 8,24,845 പേരാണ് രോഗമുക്തി നേടിയത്.

അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 53928 പേരാണ്. നിലവില്‍ അഞ്ച് രാജ്യങ്ങളില്‍ കൊവിഡ് മരണ സംഖ്യ 20000 ത്തിനു മുകളിലാണ്.അമേരിക്ക, യു.എസ്, ഇറ്റലി സ്‌പെയിന്‍ ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് മരണം 20000 കടന്നത്. ബ്രിട്ടനില്‍ മരണ സംഖ്യ ഇരുപതിനായിരം കടന്നു. അതേസമയം കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 10 ദിവസമായി ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 780 ആയി. രാജ്യത്ത് ആകെ കോവിഡ് ബാധിതർ 24,942 ആണ്. 24 മണിക്കൂറിൽ രാജ്യത്ത് 1,490 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5210 പേർ രോഗമുക്തരായി. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളെയാണ് ഏറ്റവുമധികം ബാധിച്ചത്.

ജര്‍മനിയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 419 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ 1,55,418 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. രാജ്യത്ത് 5,805 പേരാണ് മരിച്ചത്. ഇറാനിൽ 5,650 പേർക്ക് ജീവഹാനി സംഭവിച്ചു. രോഗികൾ 89,328.

ഇറ്റലിയിൽ 26,384 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 1,95,351 രോഗബാധിതരുണ്ട്. ഇറ്റലിയില്‍ നൂറ്റമ്പതിലധികം ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ഇറ്റാലിയന്‍ ഡോക്ടേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. രോഗം ബാധിച്ചവരില്‍ 10 ശതമാനവും ആരോഗ്യപ്രവര്‍ത്തകരാണ്. സ്പെയിനിൽ 22,902 മരണങ്ങളും 2,23,759 പേർക്ക് രോഗവും സ്ഥിരീകരിച്ചു. ഫ്രാൻസിൽ 22,614 മരണങ്ങളും 1,61,488 പേർക്ക് രോഗവും റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാന്‍ 11,940 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 253 പേര്‍ മരിച്ചു. സിംഗപ്പൂരില്‍ ഇന്ന് 618 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

നാല് മാസത്തിനിടെ 210 രാജ്യങ്ങളിലായി വ്യാപിച്ച മഹാമാരി ഇതുവരെ കവര്‍ന്നത് രണ്ട് ലക്ഷം ജീവനുകളാണ്. 91 ദിവസം കൊണ്ട് മരണം ഒരു ലക്ഷം കടന്നപ്പോള്‍, മരണ സംഖ്യ രണ്ട് ലക്ഷമാകാന്‍ വെറും പതിനാറ് ദിവസം മാത്രമാണ് എടുത്തതെന്ന കണക്കുകള്‍ കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി വെളിവാക്കുന്നതാണ്. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത് ലക്ഷത്തോട് അടുക്കുകയാണെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.