കോഴിക്കോട്‌ -സിംഗപ്പൂര്‍ സര്‍വീസിന് എയര്‍ ഇന്ത്യ എക്സ്പ്രസിനു അനുമതി

0

ന്യൂഡല്‍ഹി : കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്ക് നേരിട്ട് വിമാനസര്‍വീസ്‌ നടത്താന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനു അനുമതി.ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് സിംഗപ്പൂര്‍  പോലുള്ള തെക്ക് കിഴക്കന്‍ രാജ്യങ്ങളിക്ക് നേരിട്ട് വിമാനസര്‍വീസ്‌ നടത്താന്‍ ഒരു ഇന്ത്യന്‍ വിമാനകമ്പനി മുന്നോട്ടുവരുന്നത്.റൂട്ടുകള്‍ മുന്‍കൂട്ടി നല്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കിയ അപേക്ഷ ആണ് മിനിസ്ട്രി ഓഫ് സിവില്‍ ഏവിയേഷന്‍ ഓഫ് ഇന്ത്യ (MOCA) അന്ഗീകരിച്ചത്.ആഴ്ചയില്‍ നാല് സര്‍വീസ്‌ വീതം നടത്താനാണ് അനുമതി ലഭിച്ചിട്ടുള്ളത്.പുതിയ റൂട്ടുകളുടെ അന്ഗീകാരത്തെ പറ്റി അറിയുവാന്‍ ഒരു സ്വകാര്യവ്യക്തി നല്‍കിയ അപേക്ഷയില്‍ വിവരാവകാശനിയമം അനുസരിച്ച് കിട്ടിയ മറുപടിയില്‍ ആണ് ഈ വിവരം ഉള്‍പ്പെട്ടത് .

അംഗീകാരം ലഭിച്ചത് 2012 ശീതകാലഷെഡ്യൂളിനു ആയിരുന്നെങ്കിലും ഇതുവരെ സര്‍വീസ്‌ തുടങ്ങുവാന്‍ എയര്‍ ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനു കഴിഞ്ഞിട്ടില്ല .സര്‍വീസിനെ സംബധിച്ചു പ്രവാസി എക്സ്പ്രസ് അന്വേഷിച്ചപ്പോള്‍ അതിനോട് പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ ഓഫീസ് തയ്യാറായിട്ടില്ല .ഈ വര്ഷം തന്നെ സര്‍വീസ്‌ തുടങ്ങും എന്ന ഉറപ്പാണ്‌ കോഴിക്കോട് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കുന്നത് .സില്‍ക്ക്‌എയര്‍ ,ടൈഗര്‍ എയര്‍വെയ്സ് എന്നീ വിമാനകമ്പനികള്‍ ഈ റൂട്ടില്‍ സര്‍വീസ്‌ നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ദേശീയ വിമാന കമ്പനി ആയ എയര്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കാന്‍ ആണ് മന്ത്രാലയം ശ്രദ്ധചെലുത്തിയത്.എയര്‍ ഇന്ത്യ എക്സ്പ്രസ് നിലവിലുള്ള സര്‍വീസുകള്‍ കൃത്യമായി നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന അവസരത്തില്‍ പുതിയ സര്‍വീസ്‌ എത്രമാത്രം വിജയകരമായി ആരംഭിക്കും എന്ന ആശങ്ക നിലവില്‍ ഉണ്ട് .സിംഗപ്പൂരിലേക്ക് നിലവില്‍ കോഴിക്കോട് നിന്ന് വിമാനസര്‍വീസ്‌ ഒന്നുമില്ല എന്നതുകൊണ്ട് തന്നെ ഈ വാര്‍ത്ത‍ മലബാര്‍ മേഖലയില്‍ നിന്നുള്ള  പ്രവാസികള്‍ക്ക് ആശ്വാസകരമാണ് .കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് നിലവില്‍ ഈ മേഖലയിലെ പ്രവാസികള്‍ യാത്ര ചെയ്യുന്നത് .