നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു

0

കൊച്ചി: സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ (85) അന്തരിച്ചു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ്‌ മരണം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഭാര്യ മരിച്ച് ഒരു മാസം ആകുന്നതിനിടെയാണ് പടന്നയിലും വിട പറയുന്നത്. നാടകത്തിലൂടെ ആയിരുന്നു പടന്നയിലിന്‍റെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. തുടര്‍ന്ന് സിനിമയിലേക്ക് ചേക്കേറിയ പടന്നയില്‍ രണ്ട് പതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്നു.

നാടകങ്ങളിലൂടെ സിനിമയിലെത്തിയ കെടിഎസ് പടന്നയില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. 1990-കള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറയില്‍ പെട്ടിക്കട നടത്തിയിരുന്നു.

140-ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ ബാവ ചേട്ടന്‍ ബാവ ആണ് ആദ്യ ചിത്രം. വൃദ്ധന്‍മാരെ സൂക്ഷിക്കുക, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ തിരക്കുള്ള നടനായി അദ്ദേഹം മാറി. 1956-ല്‍ ‘വിവാഹ ദല്ലാള്‍’ എന്ന നാടകത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് അഞ്ചുരൂപ പ്രതിഫലത്തില്‍ അമെച്ചര്‍ നാടകങ്ങളില്‍ അഭിനയം തുടര്‍ന്നു.

പിന്നീട് പ്രൊഫഷണല്‍ നാടകരംഗത്ത് 50 വര്‍ഷം നീണ്ട അഭിനയജീവിതം. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങല്‍ പത്മശ്രീ, ഇടക്കൊച്ചി സര്‍ഗചേതന തുടങ്ങി ഒട്ടേറെ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ രമണി, മക്കള്‍: ശ്യാം, സ്വപ്ന, സന്നന്‍, സാജന്‍.