പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നാളെ വിവാഹിതനാകും

0

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നാളെ വീണ്ടും വിവാഹിതനാകുന്നു. 48 കാരനായ മാൻ, ഡോക്ടർ ഗുർപ്രീത് കൗറിനെയാണ് വിവാഹം കഴിക്കുന്നത്. ചണ്ഡീഗഡിലെ വസതിയിൽ ലളിതമായ രീതിയിൽ ചടങ്ങുകൾ നടക്കും. വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുക്കൂ. ആം ആദ്മി പാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ചടങ്ങിൽ പങ്കെടുത്തേക്കും.

6 വർഷം മുമ്പ് ഭഗവന്ത് മാൻ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. ഈ വിവാഹത്തിൽ 2 കുട്ടികളുണ്ട്. ആദ്യ ഭാര്യയും മക്കളും അമേരിക്കയിലാണ് താമസിക്കുന്നത്. മാർച്ച് 16 ന് നടന്ന ഭഗവന്ത് മാൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇവർ പങ്കെടുത്തിരുന്നു.

2011ലാണ് ഭഗവന്ത് മാൻ രാഷ്ട്രീയത്തിലെത്തിയത്. 2014ൽ എഎപി ടിക്കറ്റിൽ ആദ്യമായി സംഗ്രൂരിൽ നിന്ന് എംപിയായി. 2019-ലും അദ്ദേഹം സംഗ്രൂരിൽ നിന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചു. 2022ൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുകയും വൻ വിജയം നേടുകയും ചെയ്തു. 2014ലെ തെരഞ്ഞെടുപ്പിൽ ആദ്യ ഭാര്യ ഇന്ദർജിത് കൗർ അദ്ദേഹത്തിന്റെ പ്രചാരണത്തിനെത്തിയിരുന്നു.