തൃശൂരിൽ ഓടുന്ന കാറിൽ നിന്ന് തള്ളിയിട്ട് യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കാമുകൻ പിടിയിൽ

0

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ഓടുന്ന കാറില്‍ നിന്ന് യുവതിയെ തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ഗുരുവായൂര്‍ കാവീട് സ്വദേശി അര്‍ഷാദിനെ കുന്നംകുളം പൊലീസ് പിടികൂടി. തലയ്ക്ക് പരിക്കേറ്റ മുനമ്പം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിയെ വിവാഹം ചെയ്യുന്നതില്‍ നിന്നും അര്‍ഷാദ് പിന്മാറിയത് തര്‍ക്കത്തിനിടയാക്കിയത്. രാവിലെ ഏഴരയോടെ കുന്നംകുളം നഗരത്തില്‍ വെച്ചായിരുന്നു സംഭവമുണ്ടായത്. മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി അര്‍ഷാദിനൊപ്പം പോയതെന്ന് പൊലീസ് പറയുന്നു.രണ്ടു കുട്ടികളുടെ അമ്മയാണ് യുവതി. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന 22 കാരിയും അര്‍ഷാദും 20 ദിവസമായി ഒരുമിച്ചായിരുന്നു താമസം.

ഇരുവരും നേരത്തെ മുതല്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇരുവരും കാറില്‍ ഒരുമിച്ചാണ് നഗരത്തിലെത്തിയത്. കാറില്‍ നിന്നും ഇറങ്ങാന്‍ നിന്ന യുവതിയെ ഡോര്‍ തുറന്ന് പുറത്തേക്ക് തള്ളുകയുമായിരുന്നു. പിടിവിടാതെ ഡോറില്‍ തൂങ്ങി കിടക്കുന്നതിനിടെയാണ് യുവതിക്ക് പരിക്കേറ്റത്. താഴെയിടാനായി കാറിന്റെ വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി തെറിച്ച് റോഡില്‍ വീണ് തലയ്ക്ക് പരിക്കേറ്റുവെന്നും പൊലീസ് പറയുന്നു. അര്‍ഷാദ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് സൂചിപ്പിച്ചു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.