ലോകമെമ്പാടുമായി 16,25,563 പ്രവാസി മലയാളികള്‍ :കൂടുതല്‍ മലപ്പുറം ജില്ലയില്‍-18 ശതമാനം,കുറവ് ഇടുക്കിയില്‍ -ഒരു ശതമാനം.

0

തിരുവനന്തപുരം : പ്രവാസികാര്യ വകുപ്പ് നടത്തിയ സര്‍വേയുടെ കണക്കുകള്‍ പുറത്തുവന്നു. ലോകമെമ്പാടുമായി 16,25,563 പ്രവാസി മലയാളികളുണ്ടെന്ന് പ്രവാസികാര്യ വകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതായി മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.എന്നാല്‍ ഇതില്‍കൂടുതല്‍ മലയാളികളുണ്ടെന്നാണ് പല സംഘടനകളും അവകാശപ്പെടുന്നത്. സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങള്‍ പ്രവാസികളെ ആശ്രയിക്കുന്നു. പ്രവാസികളില്‍ 90 ശതമാനവും ഗള്‍ഫ് മേഖലകളിലാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

കൂടുതല്‍ പ്രവാസി മലയാളികള്‍ യു.എ.ഇയിലാണ് -35 ശതമാനം. അത് കഴിഞ്ഞാല്‍ സൗദിയില്‍ -28 ശതമാനം. വനിതാ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ഇടുക്കി ജില്ലയില്‍നിന്നുള്ളവരാണ്. അത് കഴിഞ്ഞാല്‍ കോട്ടയത്തും. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ് -18 ശതമാനം. കുറവ് ഇടുക്കിയില്‍ -ഒരു ശതമാനം.
ഏറ്റവും കൂടുതല്‍ പ്രവാസി കുടുംബങ്ങളുള്ളത് തിരൂരങ്ങാടി ബ്ളോക്കിലെ മുനിയൂര്‍ പഞ്ചായത്തിലാണ്. വനിതാ പ്രവാസികളില്‍ 55 ശതമാനത്തോളം നഴ്സുമാരാണെന്നും സര്‍വേയില്‍ പറയുന്നു.