മലേഷ്യന്‍ വിമാനദുരന്തം – അന്താരാഷ്ട്രാ അന്വേഷണത്തിന് കടുത്ത സമ്മര്‍ദ്ദമേറുന്നു.

0

കിഴക്കേ ഉക്ക്രൈനില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി, മലേഷ്യന്‍ യാത്രാവിമാനം MH-17 തകര്‍ന്ന് മുന്നൂറോളം പേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച്, ഉടനടി അന്താരാഷ്ട്രാ അന്വേഷണത്തിനുള്ള സമ്മര്‍ദ്ദം ഏറി വരുന്നു. അമേരിക്ക, ആസ്ട്രേലിയ, ബ്രിട്ടന്‍, ജര്‍മനി എന്നീ ലോകരാഷ്ട്രങ്ങള്‍ ഈ ആവശ്യവുമായി മുന്നോട്ടു വന്നുകഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളും, ഉക്ക്രൈനും, വിമാനം, റഷ്യന്‍ അനുകൂല പ്രക്ഷോഭകാരികള്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതാണെന്ന ആരോപണത്തില്‍  ഉറച്ചുനില്‍ക്കുകയാണ്.  എന്നാല്‍, റഷ്യന്‍ വിമതര്‍ ഈ വാദം പാടെ നിരാകരിച്ചു.
   
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി, യു എന്‍ രക്ഷാസമിതിയുടെ അടിയന്തിരയോഗം വെള്ളിയാഴ്ച ചേര്‍ന്നു. സംഭവത്തെക്കുറിച്ച് ഉടന്‍ അന്വേഷണം വേണമെന്ന് യു എന്‍ സെക്രട്രറി ജനറല്‍, ബാന്‍ കി മൂണ്‍  ആവശ്യപ്പെട്ടു. വിമതര്‍ക്ക് റഷ്യ ആയുധവും പണവുമുള്‍പ്പെടെ എല്ലാവിധ സഹായങ്ങളും നല്കിവരുന്നതാണ് വിമാനദുരന്തത്തിന് കാരണമായതെന്ന്  വൈറ്റ്ഹൌസ് വൃത്തങ്ങള്‍ ആരോപിച്ചു. എതിര്‍ ആരോപണത്തില്‍, ദുരന്തത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഉക്രൈനിനാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാട്മിര്‍ പുടിന്‍ പറഞ്ഞു.  ഡച്ച്‌ പ്രധാനമന്ത്രി മാര്‍ക്ക്‌ റുത്തെ, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എന്നിവരുമായി പുടിന്‍ സംഭാഷണം നടത്തി. സംഭവത്തെക്കുറിച്ച് സമഗ്രവും, നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് പുടിന്‍ ലോകനേതാക്കളോട് ആവശ്യപ്പെട്ടു.