മലയാളികള്‍ ഉള്‍പ്പെടെ 26 പ്രവാസികള്‍ക്ക് ഒമാനില്‍ ദീര്‍ഘകാല വിസ അനുവദിച്ചു

1

മസ്കറ്റ്: ഒമാൻ സർക്കാർ പ്രഖ്യാപിച്ച ഇൻവെസ്റ്റ്‌മെന്റ് റെസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി, രാജ്യത്ത് നിക്ഷേപം നടത്തിയ 26 പേർക്ക് കൂടി ദീര്‍ഘകാല വിസ അനുവദിച്ചു. വിവിധ രാജ്യക്കാരായ 26 പ്രവാസി നിക്ഷേപകര്‍ക്ക് വാണിജ്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വകുപ്പ് മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ്‌ പത്ത് വർഷ കാലാവധിയുള്ള വിസകൾ വിതരണം ചെയ്‍തു.

ദീർഘ കാല വിസ ലഭിച്ചവരിൽ മലയാളികളായ ബദർ സമാ ഗ്രൂപ് ഓഫ് ഹോസ്‍പിറ്റൽസ് മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് പി.എ, ശാഹി ഫുഡ്സ് ആന്റ് സ്‍പൈസസ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ്, ബാബില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ എസ്. മുഹമ്മദ് ബഷീര്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഒമാന്‍ റീജ്യണല്‍ ഹെഡ് കെ. നജീബ്, അൽ കരാമ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ അബ്‍ദുല്‍ നാസർ കുനിങ്കരാത് എന്നിവർ ഉൾപ്പെടുന്നു.

2021 ഒക്ടോബര്‍ മൂന്ന് മുതല്‍ മന്ത്രാലയത്തിന്റെ ഇ-ഇന്‍വെസ്റ്റ് സര്‍വീസസ് വഴി ദീര്‍ഘകാല വിസ ലഭിക്കുവാനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയിരുന്നു. ഒമാന്റെ ‘വിഷന്‍ 2040’ന് അനുഗുണമായി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‍ക്ക് സഹായകമാവുന്ന തരത്തില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും തൊഴില്‍ സാധ്യതകൾ ഉയർത്താനും ലക്ഷ്യമിട്ടാണ് ഈ പുതിയ പദ്ധതി. ഒമാനില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് അഞ്ചു മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിക്കുമെന്നും പിന്നീട് വിസയുടെ കാലാവധി നീട്ടി നല്‍കുമെന്നുമാണ് മന്ത്രാലയം അറിയിച്ചത്.