കുടിവെള്ളം വില്‍പ്പനച്ചരക്കായത് എങ്ങനെ?

0
ജലവിതരണം കേന്ദ്രീകൃതമാവുന്നു
നഗരങ്ങളിലേയും ചെറുടൌണുകളിലേയും ജലവിതരണം പ്രാദേശികഭരണസമിതികള്‍ ഏറ്റെടുക്കുന്നതോടെയാണ് ജലവിതരണം ആദ്യമായി കേന്ദ്രീകൃതമാകുന്നത്. ജലം ശുദ്ധീകരിക്കുന്നതിനും മലിനീകരണം ഒഴിവാക്കുന്നതിനും കേന്ദ്രീകൃതപദ്ധതികള്‍ക്ക് കഴിയുമെന്നത് ശ്രദ്ധാര്‍ഹമായ കാര്യമാണ്. ജലജന്യരോഗങ്ങളെ തടയുന്നതിനും മറ്റും പൊതുവായ ജലവിതരണപദ്ധതികള്‍ക്കുള്ള മെച്ചത്തെ കുറിച്ച് ജെ.ബി.എസ്. ഹാള്‍ഡേനെ പോലുള്ള ജനകീയശാസ്ത്രകാരന്മാര്‍ എഴുതുന്നുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ കേന്ദ്രീകൃത ജലവിതരണപദ്ധതികളുടെ ഭാഗമായി പൊതുടാപ്പുകള്‍ സ്ഥാപിച്ചത് ദരിദ്രജനവിഭാഗങ്ങള്‍ക്ക് ആശ്വാസമായിരുന്നു. പ്രാദേശികഭരണസമിതികള്‍ക്ക് ജലവിതരണം കാര്യക്ഷമമായി ചെയ്യാന്‍ കഴിയുന്നില്ലെന്നതിന്റെ പേരിലാണ് കേരളത്തില്‍ പിന്നീട് ജല അതോറിറ്റി രൂപീകരിക്കുകയും ഒരു ഉദ്യോഗസ്ഥവൃന്ദത്തെ ജലവിതരണത്തിന്റെ ചുമതല ഏല്പിക്കുകയും ചെയ്യുന്നത്. കേരളത്തില്‍ ഗ്രാമനഗരഭേദങ്ങള്‍ മാഞ്ഞു തുടങ്ങുന്നതോടെ കേന്ദ്രീകൃതജലവിതരണപദ്ധതികള്‍ മിക്കവാറും എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി.
ജനസംഖ്യയിലും ജനസാന്ദ്രതയിലുമുണ്ടായ വര്‍ദ്ധന മൂലം ജലോപഭോഗത്തിലുണ്ടായ വര്‍ദ്ധനവ്, വനനശീകരണം, പാടങ്ങളും കുളങ്ങളും നികത്തുന്നത്, വ്യാവസായികാവശ്യങ്ങള്‍ക്കും മറ്റും വലിയ തോതില്‍ ജലം ഉപയോഗിച്ചു തുടങ്ങുന്നത്, മണ്ണിന്റെ ജലസംഭരണശേഷിയിലുണ്ടായ ഇടിവ്, വ്യാവസായികമാലിന്യങ്ങള്‍ ഒഴുക്കുന്നതു മൂലവും മറ്റും പുഴകളും തടാകങ്ങളും മലിനീകരിക്കപ്പെട്ടത് തുടങ്ങി പല കാര്യങ്ങളും ജലവിഭവത്തില്‍ വലിയ ശോഷണമുണ്ടാക്കി. (ജലവിഭവശേഷിയിലുണ്ടായ വലിയ ഇടിവിന്, ലാഭത്തെ മാത്രം മുന്നില്‍ കാണുന്ന മുതലാളിത്തത്തിന്റെ വികസനപദ്ധതികള്‍ക്ക് വലിയ പങ്കുണ്ട്.) ഇവയെല്ലാം കേന്ദ്രീകൃതമായ ജലവിതരണസംവിധാനങ്ങളെ ആശ്രയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.