കാലിഫോര്‍ണിയയില്‍ ഭക്ഷ്യമേളയ്ക്കിടെ വെടിവെയ്പ്പ്; മൂന്നുപേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്

0

ഗില്‍റോയ്: കാലിഫോര്‍ണിയയിലെ ഭക്ഷ്യമേളയ്ക്കിടെ അജ്ഞാതന്‍ നടത്തിയ വെടിവെയ്പില്‍ മൂന്നു പേര്‍ മരിച്ചതായി റിപ്പോർട്ട്. നിരവധിപേർക്ക് പരിക്കേറ്റു. കാലിഫോര്‍ണിയയിലെ തെക്കന്‍ സാന്‍ജോസിലെ ഗില്‍റോയിലാണ് സംഭവം. ഞായറാഴ്ചയാണ് വെടിവെപ്പ് നടന്നത്.

മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് അക്രസംഭവത്തിന് ദൃക്‌സാക്ഷിയായ ജുലീസ കോണ്‍ട്രിറാസ് മാധ്യമങ്ങളോട് പറഞ്ഞു, പ്രത്യേകിച്ച് ആരെയും ലക്ഷ്യം വെയ്ക്കാതെ എല്ലായിടത്തേക്കും അക്രമി തുടരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജുലീസ കൂട്ടിച്ചേര്‍ത്തു.

കാലിഫോര്‍ണിയയിലെ സുപ്രധാനമായ ഫുഡ് ഫെസ്റ്റിവലിലാണ് അക്രമികള്‍ നിറയൊഴിച്ചത്. ഏകദേശം മുപ്പത് സെക്കന്‍ഡ് നീണ്ടുനിന്ന വെടിവെയ്പ്പ് പുലര്‍ച്ചെ 5.30നാണുണ്ടായത്. വെടിവെപ്പ് ശബ്ദം കേട്ടവര്‍ കരിമരുന്ന് പ്രയോഗമാണെന്നാണ് ആദ്യം കരുതിയത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഫുഡ് ഫെസ്റ്റിവല്‍ കാലിഫോര്‍ണിയയിലെ ഏറ്റവും പ്രാധാന്യമേറിയ ഉത്സവമാണ്. ജൂലായ് 26,27,28 തീയതികളിലായിരുന്നു ഇക്കൊല്ലത്തെ ഭക്ഷ്യമേള. അവസാനത്തെ ദിവസമായതിനാലും അവധി ദിവസമായിരുന്നതിനാലും ജനത്തിരക്ക് അധികമായിരുന്നു.

അക്രമിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അക്രമിയെ ഇനിയും പിടികൂടാത്തതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സർക്കാർ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു