മാലിന്‍ഡോ എയര്‍ ‘സൗജന്യ സീറ്റ്‌ ഓഫര്‍ ‘;കൊച്ചിയില്‍ നിന്ന് മലേഷ്യയിലേക്ക് നികുതിയുള്‍പ്പെടെ 540 രൂപ മാത്രം

0
കോലാലംപൂര്‍ : മാലിന്‍ഡോ എയര്‍ ടിക്കറ്റ് നിരക്കില്‍ ചരിത്രം തിരുത്തിക്കുറിക്കുന്നു .ഇന്നു പ്രഖ്യാപിച്ച 'സൗജന്യ സീറ്റ് ' ഓഫറില്‍ കൊച്ചിയെ ഉള്‍പ്പെടുത്തിയതോടെ ടിക്കറ്റ് നിരക്കില്‍ മറ്റൊരു എയര്‍ലൈന്‍സും ഇതുവരെ നല്‍കാത്ത രീതിയിലുള്ള വിപ്ലവമാണ് മാലിന്‍ഡോ എയര്‍ തുടങ്ങിയിരിക്കുന്നത് . കൊച്ചിയില്‍ നിന്ന് നികുതിയും മറ്റെല്ലാ ചാര്‍ജും ഉള്‍പ്പെടെ മലേഷ്യയിലേക്ക് മാലിന്‍ഡോ ഈടാക്കുന്നത് വെറും 540 രൂപയാണ് ( 11 സിംഗപ്പൂര്‍ ഡോളര്‍ ).സാധാരണ ഒരു വശത്തേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കിയശേഷം അതിന്‍റെ ഇരട്ടി തിരിച്ചുള്ള ടിക്കറ്റിനു ഈടാക്കുന്നതാണ് വിമാനകമ്പനികളുടെ രീതി .എന്നാല്‍ മാലിന്‍ഡോ ഇതില്‍ നിന്ന് വ്യത്യസ്തമായി റിട്ടേണ്‍ ടിക്കറ്റ് വില്‍ക്കുന്നത് വെറും 1900 രൂപയ്ക്കാണ് (40 സിംഗപ്പൂര്‍ ഡോളര്‍ മാത്രം ) .ഈ നിരക്കില്‍ ഭക്ഷണം ,30 കി.ഗ്രാം ബാഗേജ് ,വിനോദം  ,വിസ്താരമുള്ള സീറ്റ് എന്നിവയെല്ലാം  ഉള്‍പ്പെട്ടിരിക്കുന്നതാണ് ഏറ്റവും അതിശയമുണ്ടാക്കുന്ന വസ്തുത .
 
ഏപ്രില്‍ 28-നാണ്  മാലിന്‍ഡോ എയര്‍ കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങുനത് .ഇപ്പോള്‍ നല്‍കുന്ന ഓഫര്‍ മുഖേനെ വലിയ തോതില്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് എയര്‍ലൈന്‍സ്‌ അധികൃതര്‍ ശ്രമിക്കുന്നത് .കൂടാതെ കൊച്ചിയിലേക്ക് സീറ്റുകള്‍ ഒന്നും വിറ്റ് പോകാത്തതും ഇത്തരത്തിലുള്ള നീക്കത്തിന് എയര്‍ലൈന്‍ അധികൃതരെ പ്രേരിപ്പിച്ചിട്ടുണ്ട് .
 
ഇതോടെ എയര്‍ഏഷ്യയുടെ ബജറ്റ് എയര്‍ലൈന്‍സ്‌ എന്ന ലേബല്‍ മാലിന്‍ഡോ ഏറ്റെടുക്കുകയാണ് .മലയാളികളെ വലിയ തോതില്‍ ആകര്‍ഷിക്കാനാണ് മാലിന്‍ഡോയുടെ നീക്കം.കോലാലംപൂരില്‍ നിന്ന് മലേഷ്യയുടെ വിവിധ ഭാഗങ്ങളിലേക്കും ,തായ് ലാണ്ടിലെക്കും ട്രാന്‍സിറ്റ് സൗകര്യം ഉണ്ടായിരിക്കും .കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലെക്കോ ,മുംബൈയിലേക്കോ അയ്യായിരത്തിന് മുകളില്‍ ടിക്കറ്റ് നിരക്കുള്ളപ്പോഴാണ് 4000 കി.മീ അകലെയുള്ള മലേഷ്യയിലേക്ക് 2000 രൂപയ്ക്ക് താഴെ ടിക്കറ്റ് നിരക്ക് എന്നതാണ് ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു കാര്യം .വേനലവധിക്ക്  മലേഷ്യയിലേക്ക് പറക്കാന്‍ മലയാളികളെ പ്രേരിപ്പിക്കുന്ന തരത്തിലാണ് ടിക്കറ്റ് നിരകുകള്‍ .
 
കഴിഞ്ഞ ദിവസം മലേഷ്യ എയര്‍ലൈന്‍സും ഓഫര്‍ പ്രഖ്യാപിച്ചിരുന്നു .നിലവില്‍ എയര്‍ ഏഷ്യയും കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട് .മത്സരം മുറുകുന്നത് യാത്രക്കാര്‍ക്ക് വലിയ തോതില്‍ ആശ്വാസമാവുകയാണ് .ഗള്‍ഫ് മേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ തെക്ക് കിഴക്കന്‍ രാജ്യങ്ങളിലേക്ക് ധാരാളം വിമാനസര്‍വീസുകള്‍ തുച്ചമായ നിരക്കില്‍ ലഭ്യമാണ് .എന്നാല്‍ ഇന്ത്യന്‍ വിമാനകമ്പനികള്‍ ഒന്നും തന്നെ കേരളത്തില്‍ നിന്ന് മലേഷ്യയിലേക്ക് സര്‍വീസ് നടത്തുന്നില്ല .മലേഷ്യയുടെ അയല്‍രാജ്യമായ സിംഗപ്പൂരിലേക്ക് സില്‍ക്ക് എയര്‍ ,ടൈഗര്‍ എയര്‍ എന്നിവ സര്‍വീസ് നടത്തുന്നുണ്ട് . കൂടാതെ എയര്‍ ഇന്ത്യ ,ജെറ്റ് എയര്‍ വെയ്സ് ,ശ്രീലങ്കന്‍ എന്നീ വിമാനസര്‍വീസുകള്‍ കേരളത്തില്‍ നിന്ന് സിംഗപ്പൂര്‍ ,മലേഷ്യ എന്നിവിടങ്ങളിലേക്ക്   കണക്ഷന്‍ ഫ്ലൈറ്റുകള്‍ നല്‍കുന്നുണ്ട് .